കുപ്രസിദ്ധ മോഷ്ടാവ് പരിയാരം പോലീസിൻ്റെ പിടിയിലായി.
പരിയാരം: കുപ്രസിദ്ധ മോഷ്ടാവ് പരിയാരം പോലീസിൻ്റെ പിടിയിലായി.

വയനാട് സുൽത്താൻ ബത്തേരി പഴുപത്തൂരിലെ അറക്കൽ വീട്ടിൽ എ.വി.അരുൺ (26) ആണ് അറസ്റ്റിലായത്. മംഗലാപുരത്ത് വെച്ച് മോഷണശ്രമത്തിനിടയിലാണ് ഇയാൾ പോലീസ് പിടിയിലായത്.
കഴിഞ്ഞ ഏപ്രിൽ 19 ന് ഏഴിലോട് പോപ്പുലർ വെഹിക്കിൾസിന് മുന്നിൽ നിർത്തിയിട്ട കുറുമാത്തൂർ മണക്കാട്ടെ പി.പി.അനുരാജിൻ്റെ കെ.എൽ.59 ടി 1079 ബജാജ് പൾസർ ബൈക്കാണ് മോഷ്ടിക്കപ്പെട്ടത്.
പരിയാരം പോലീസിൽ പരാതി ലഭിച്ചതിനെ തുടർന്ന് ഇൻസ്പെക്ടർ കെ.വി.ബാബുവിൻ്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരികയായിരുന്നു.
മോഷ്ടിച്ച ബൈക്കുമായി മംഗലാപുരത്ത് എത്തിയ അരുൺ ഒരു മോഷണശ്രമത്തിനിടയിൽ കർണാടക പോലീസിൻ്റെ പിടിയിലകപ്പെടുകയായിരുന്നു. അവിടെ ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷണം തെളിഞ്ഞത്.
.മംഗലാപുരം പോലീസ് അറിയിച്ചതിനെ തുടർന്ന് സീനിയർ സി.പി.ഒ നൗഫലിൻ്റെ നേതൃത്വത്തിൽ മംഗലാപുരത്തെത്തിയ പോലീസ് ഇന്ന് രാവിലെയാണ് പ്രതിയെ മോഷ്ടിച്ച ബൈക്ക് സഹിതം പരിയാരം സ്റ്റേഷനിലെത്തിച്ചത്.
കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ അരുണിൻ്റെ പേരിൽ കേസുകൾ ഉള്ളതായി തെളിഞ്ഞിട്ടുണ്ടെന്ന് പരിയാരം ഇൻസ്പെക്ടർ കെ.വി.ബാബു പറഞ്ഞു.
വിവിധ സ്ഥലങ്ങളിൽ നിന്ന് ബൈക്കും സ്കൂട്ടറുകളും മോഷ്ടിച്ച് അതുമായി അയൽ സംസ്ഥാനങ്ങളിലെത്തി മോഷണം നടത്തുകയാണ് അരുണിൻ്റെ രീതിയെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.
