തൊഴിലുറപ്പ് പദ്ധതി ക്രമക്കേട്-കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍.

മാതമംഗലം: എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ നടന്നിട്ടുള്ള താല്‍ക്കാലിക തടയണ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തൊഴിലുറപ്പ് പ്രവൃത്തിയില്‍ നടന്നതായി പറയപ്പെടുന്ന ക്രമക്കേടുകളില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്തിന്റെ വിശദീകരണം.

ഇതുമായി ബന്ധപ്പെട്ടുകൊണ്ട് പങ്കുചേര്‍ന്ന എല്ലാവരോടും രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

മറുപടി ലഭ്യമാകുന്ന മുറക്ക് തുടര്‍നടപടി സ്വീകരിക്കുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ് ഷൈനി ബിജേഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

-ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നടന്ന തൊഴിലുറപ്പ് പ്രവര്‍ത്തിയില്‍ 37 ദിവസത്തെ തൊഴില്‍ ദിനം കൃത്രിമമായി രേഖപ്പെടുത്തി കൂലി വാങ്ങിയെടുക്കാന്‍ ശ്രമിച്ചു എന്ന സംഭവം ഉണ്ടായി.

നൂറു ദിനം പ്രവൃത്തി പൂര്‍ത്തീകരിച്ച രണ്ടു മേറ്റുമാര്‍ മറ്റൊരു മേറ്റിന്റെ കീഴില്‍ ബാക്കി പ്രവൃത്തികള്‍ നടക്കുന്നതിന് എന്‍.എം.എം.എസ് , മസ്റ്ററോള്‍ ഒപ്പിടിക്കല്‍ എന്നിവ ഇവര്‍ തന്നെ ചെയ്യുകയും ആയതിന്റെ പ്രതിഫലം എന്ന നിലയില്‍ മറ്റു രണ്ടു തൊഴിലാളികള്‍ പ്രവൃത്തി ചെയ്തതായി രേഖപ്പെടുത്തി.

26 ദിവസത്തെ കൂലി അക്കൗണ്ടിലേക്ക് വരികയും ചെയ്തു, ഈ വിഷയം 24 /02/ 2024 ന് ഉച്ചയ്ക്ക് എന്‍.ആര്‍.ഇ.ജി.എ വിഭാഗത്തെ അറിയിക്കുകയും ഉടന്‍തന്നെ സ്ഥലത്തെത്തി തൊഴിലാളികളെ കാണുകയും ഉണ്ടായി.

പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് തൊട്ടടുത്ത ദിവസം ബന്ധപ്പെട്ടവരെയെല്ലാം വിളിച്ചുവരുത്തി രേഖകള്‍ പരിശോധിച്ച് ചെയ്ത കുറ്റം ബോധ്യപ്പെടുകയും ചെയ്തു.

അതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട മേറ്റുമാരെ തല്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്യുകയും, അനധികൃതമായി കൈപ്പറ്റിയ തുക തിരിച്ചടക്കാന്‍ നോട്ടീസ് നല്‍കുകയും ചെയ്തു.