കേരളത്തിന് തളിപ്പറമ്പില്‍ നിന്നും ഒരു മാതൃകാ ഓണാഘോഷം-ഓണശ്രീ വരുന്നു-ഓഗസ്റ്റ്-21-28.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വ്യത്യസ്തമായ ഓണാഘോഷവുമായി ഓണശ്രീ വരുന്നു.

കേരളത്തിന്റെ മാതൃകാ ഓണാഘോഷമായി മാറ്റാനുതകുന്ന വിധത്തിലാണ് ഈ വര്‍ഷം തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളിലും രണ്ടു മുനിസിപ്പാലിറ്റികളിലും ‘ഓണശ്രീ’ എന്ന പേരില്‍ മേള സംഘടിപ്പിക്കുന്നത്.

കുടുംബശ്രീയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

കുടുംബശ്രീ സംരംഭകരുടെയും കാര്‍ഷിക ഗ്രൂപ്പുകളുടെയും തനതായ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന സ്റ്റാളുകള്‍, വ്യത്യസ്ത വിഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫുഡ് ഫെസ്റ്റിവല്‍, സ്ത്രീകളും കുട്ടികളും ഭിന്നശേഷിക്കാരും വയോജനങ്ങളും ഉള്‍പ്പെടെ ഏവരെയും ഉള്‍പ്പെടുത്തി കൊണ്ട് കള്‍ച്ചറല്‍ ഫെസ്റ്റിവല്‍, തദ്ദേശസ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍ചേര്‍ക്കുന്ന പ്രദര്‍ശനങ്ങള്‍ എന്നിവ ഈ വില്ലേജ് ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടാവും.

കുടുംബശ്രീ മിഷന്‍ കണ്ണൂര്‍ നേതൃത്വം നല്‍കുന്ന ഈ മേള കുടുംബശ്രീ സംരംഭകരുടെയും വനിതാ കൂട്ടായ്മകളുടെയും ഉല്‍പ്പന്നങ്ങള്‍ക്കുള്ള വിപുലമായ വിപണി ഒരുക്കുന്നതോടൊപ്പം മണ്ഡലത്തിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങളുടെ മാനസികോല്ലാസം വര്‍ധിപ്പിക്കുന്നതിനും സഹായിക്കും.

കുടുംബശ്രീയുടെ നേതൃത്വത്തില്‍ തന്നെ പൊതുജന പങ്കാളിത്തത്തോടെ നടക്കുന്ന കലാസംസ്‌കാരിക പരിപാടികള്‍ ഓണശ്രീ വില്ലേജ് ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണമായിരിക്കും.

കുടുംബശ്രീ ഫെയറിന്റെ മണ്ഡലം തല ഉദ്ഘാടനം ഓഗസ്റ്റ് 21-ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിര്‍വഹിക്കും. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന മേള 28-ന് സമാപിക്കും.