25 ലക്ഷം മുടക്കി തിമിര ശസ്ത്രക്രിയക്ക് ഓപ്പറേഷന്‍ തിയേറ്റര്‍ സ്ഥാപിച്ചു-ഡോക്ടറെ സ്ഥലംമാറ്റിയോടെ അടച്ചുപൂട്ടി.

By–താമരാക്ഷന്‍ പിള്ള

തളിപ്പറമ്പ്: കാല്‍ കോടി രൂപ മുതല്‍മുടക്ക് തിമിര ശസ്ത്രക്രിയക്ക് വേണ്ടി നിര്‍മ്മിച്ച പ്രത്യേക ഓപ്പറേഷന്‍ തിയേറ്റര്‍ ഡോക്ടര്‍ ഇല്ലാത്തതിനാല്‍ അടച്ചുപൂട്ടി.

തളിപ്പറമ്പ് മുനിസിപ്പാലിറ്റി വാര്‍ഷിക പദ്ധതിയിലൂടെ 25 ലക്ഷം രൂപ മുടക്കി വാങ്ങി സ്ഥാപിച്ച നവീന സിയസ് ലൂംറ ഓഫ്താല്‍മിക് മൈക്രോസ്‌കോപ്പ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളോടുകൂടിയ നേത്ര വിഭാഗം ഓപ്പറേഷന്‍ തീയേറ്ററാണ് ഡോക്ടര്‍ പ്രസവാവധിക്ക് പോയതിനാല്‍ അടച്ചുപൂട്ടിയത്.

2025 ഫെബ്രുവരി 25 നാണ് ഇത് ഉദ്ഘാടനം ചെയ്തത്.

ഓര്‍ത്തോ ഒ.ടിയിലെ ഉപകരണങ്ങള്‍ ഉള്‍പ്പെടെ 58 ലക്ഷം രൂപയാണ് നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പദ്ധതി പൂര്‍ത്തീകരിച്ചത്.

ഡോക്ടര്‍ സ്ഥലംമാറിപ്പോയതില്‍ പിന്നെ കഴിഞ്ഞ ആറ് മാസത്തോളമായി ഇവിടെ നേത്രരോഗ വിഭാഗം പ്രവര്‍ത്തിക്കുന്നില്ല.

രോഗികള്‍ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കുകയാണ്.

മലയോര മേഖലയിലെ സുപ്രധാനമായ ഈ താലൂക്ക് ആശുപത്രിയില്‍ നേത്രരോഗ വിഭാഗത്തില്‍ ഡോക്ടറെ നിയമിക്കണമെന്ന് എം.എല്‍.എ ഉള്‍പ്പെടെയുള്ളവരോട് ആവശ്യപ്പെട്ടുവെങ്കിലും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.

25 ലക്ഷം രൂപ മുതല്‍മുടക്കി സ്ഥാപിച്ച ഓപ്പറേഷന്‍ തിയേറ്ററില്‍ ശസത്രക്രിയകള്‍ സുഗമമായി നടക്കുന്നത് സ്വകാര്യ ആശുപത്രികളെ ബാധിക്കുമെന്നതിനാലാണ് ഇവിടെ നിന്ന് ഡോക്ടറെ സ്ഥലംമാറ്റിയതെന്ന പരാതി വ്യാപകമാണ്.

ഉപയോഗിക്കാതെ കിടക്കുന്ന ഓപ്പറേഷന്‍ തിയേറ്റര്‍ വൈറസ് ബാധകാരണം ഇനി ഉപയോഗിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തിലും സംശയമാണ്.

ഫലത്തില്‍ തിയേറ്റര്‍ ഉപകരണങ്ങള്‍ ഉപയോഗശൂന്യമായ നിലയിലാണ്.

നേത്രചികില്‍സയിലും തിമിരശസ്ത്രക്രിയയിലും നിരവധി സ്വകാര്യ ആശുപത്രികള്‍ തളിപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അതിനിടയില്‍ നാളെ 19.5 കോടി രൂപ മുതല്‍മുടക്കി താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി വീണ ജോര്‍ജ് നിര്‍വ്വഹിക്കുന്നുണ്ട്.