കൂട്ടായ്മയുടെ വിജയവുമായി ഏഴോത്തെ -ഒരുമ

ഏഴോം: കൈകോര്‍ത്ത് പിടിച്ചാല്‍ കാലിടറില്ലെന്ന് തെളിയിക്കുകയാണ് ഏഴോം ഗ്രാമപഞ്ചായത്തിലെ ചെങ്ങല്‍ത്തടത്തെ വനിതകളുടെ ഒരുമ സംരംഭക യൂനിറ്റ്.

കോണ്‍ക്രീറ്റ് സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളും പൂച്ചട്ടികളും നിര്‍മ്മിച്ചാണ് ഇവരുടെ മാതൃകാ പ്രവര്‍ത്തനം.

ആറ് പേരുടെ കൂട്ടായ്മ കഴിഞ്ഞ ഡിസംബറിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഇതിനായി കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും മൂന്ന് ലക്ഷം രൂപ സബ്‌സിഡിയോടെ അഞ്ച് ലക്ഷം രൂപ സ്വയംതൊഴില്‍ വായ്പയെടുത്തു.

ഇപ്പോള്‍, പഞ്ചായത്തിലേക്കാവശ്യമായ മുഴുവന്‍ കോണ്‍ക്രീറ്റ് ബോര്‍ഡുകളും ഒരുമയാണ് നിര്‍മിക്കുന്നത്.

തൊഴിലുറപ്പ് പദ്ധതികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തി വിവിധയിടങ്ങളില്‍ സ്ഥാപിക്കാനാണ് ഇവ ഉപയോഗിക്കുന്നത്.

കല്യാശ്ശേരി ബ്ലോക്കിലെ മറ്റു പഞ്ചായത്തുകള്‍ക്കും ബോര്‍ഡ് നിര്‍മിച്ചു നല്‍കുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദന്‍ പറഞ്ഞു.

പ്രവര്‍ത്തനം തുടങ്ങി രണ്ടു മാസം പൂര്‍ത്തിയാകുമ്പോഴേക്കും അഞ്ഞൂറോളം പൂച്ചട്ടികളും നിര്‍മിച്ച് വില്‍പ്പന നടത്തി. കട്ടിയുള്ള ഖാദി, കൈത്തറി തുണി മുറിച്ചെടുത്ത് സിമന്റ് ഗ്രൗട്ടില്‍ മുക്കിയെടുത്ത് ഡിസൈന്‍ ചെയ്താണ് പൂച്ചട്ടി നിര്‍മ്മാണം

കനം കുറഞ്ഞ ഈ പൂച്ചട്ടികള്‍ നിറം നല്‍കി ഭംഗിയാക്കും. ഇരിണാവ് വീവേഴ്‌സാണ് ഇതിനാവശ്യമായ തുണി നല്‍കുന്നത്.

ഒരു മീറ്റര്‍ തുണികൊണ്ട് വലിപ്പമുള്ള രണ്ട് ചട്ടികള്‍ ഉണ്ടാക്കാം. ഇതിനു പുറമെ സിമന്റും എംസാന്റും കൊണ്ടുള്ള ചട്ടികളും നിര്‍മിക്കുന്നുണ്ട്.

മാടായി ഗവ. ബോയ്‌സ് സ്‌കൂളിലെ എന്‍ എസ് എസ് യൂണിറ്റാണ് പൂച്ചെട്ടി നിര്‍മാണത്തില്‍ ഇവര്‍ക്ക് പരിശീലനം നല്‍കിയത്.

ആവശ്യക്കാര്‍ പറയുന്ന ഡിസൈനിലും വലിപ്പത്തിലുമുള്ള ചട്ടികള്‍ ഉണ്ടാക്കിക്കൊടുക്കും.

വീടുകള്‍ക്ക് പുറമെ അംഗന്‍വാടികളും മറ്റു സ്ഥാപനങ്ങളും ചട്ടികള്‍ വാങ്ങുന്നുണ്ട്.

തുണിപ്പൂച്ചട്ടിക്ക് 20 രൂപ മുതല്‍ 300 രൂപ വരെയാണ് വില. 50 മുതല്‍ 120 രൂപ വരെ നിരക്കിലാണ് സിമന്റ് ചട്ടികള്‍ വില്‍ക്കുന്നത്.

ഒരു ദിവസം നാല്‍പ്പതോളം ചട്ടികള്‍ നിര്‍മിക്കാന്‍ കഴിയും.
പ്ലാസ്റ്റിക് ബദല്‍ എന്ന നിലയില്‍ വലിയ സ്വീകാര്യതയാണ് തുണിച്ചട്ടികള്‍ക്ക് ലഭിക്കുന്നത്. ഭാരം കുറവുമാണ്.

വിവിധ ബദല്‍ ഉല്‍പ്പന്ന പ്രദര്‍ശന മേളകളിലും ഈ പൂച്ചട്ടികള്‍ മികച്ച ശ്രദ്ധ നേടുന്നുണ്ട്.

ഖബറിടങ്ങളിലേക്കുള്ള മീസാന്‍ കല്ലുകളും ഇവര്‍ നിര്‍മിച്ചു നല്‍കും. വൈദ്യുതിയും യന്ത്രസംവിധാനങ്ങളും ലഭിച്ചാല്‍ സിമന്റ് കട്ടകള്‍ കൂടി നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കൂട്ടായ്മ.

കുടുംബശ്രീ മിഷന്റെയും വ്യവസായ വകുപ്പിന്റെയും സഹകരണത്തോടെയാണ് പ്രവര്‍ത്തനം.

സി.അനിത, പി.ഗീത, ബി.ബിന്ദു, പി.സജിത, വി.ടി.നളിനി, ആഞ്ജല ബെന്നി എന്നിവരാണ് ഒരുമയുടെ പെരുമയുമായി മുന്നോട്ട് പോകുന്നത്.