ഏമ്പേറ്റ് ദേശീയപാതയില്‍ മേല്‍പാലം അനുവദിക്കണം: ബിജെപി നിവേദനക്യാമ്പ് സംഘടിപ്പിച്ചു.

പരിയാരം: ഏമ്പേറ്റ് ജംഗ്ഷനില്‍ മേല്‍പ്പാലം വേണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാക്കള്‍ ഗഡ്ഗരിയെ നേരില്‍ കാണും.

പയ്യന്നൂര്‍ ദേശീയപാതയിലെ പ്രധാന സ്ഥലമായ ഏമ്പേറ്റ് സ്റ്റോപ്പില്‍ പുതുതായി പണിയുന്ന ദേശീയ പാത അടിഭാഗം താഴ്ത്തിയാണ് കടന്നു പോകുന്നത്.

മുടിക്കാനം, ഐ.ടി.സി കോളേജ്, ശ്രീസ്ഥ തുടങ്ങി വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നവര്‍ക്ക് ഇരുവശവും കടന്നു പോകാന്‍ കഴിയാത്ത അവസ്ഥയാണ് വന്നിരിക്കുന്നത്.

അടിയിന്തിരമായി ശ്രിസ്ഥറോഡില്‍ നിന്ന് മുടിക്കാനം റോഡിലേക്ക് മേല്‍പാലം പണിയാന്‍ ദേശീയപാത അധികൃതര്‍ തയ്യാറാകണമെന്ന് ബി ജെ പി പരിയാരം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

ഇതിനായി രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി കഴിഞ്ഞ ദിവസം നാട്ടുകാരുടെ ഒപ്പുശേഖരിക്കാനായി ക്യാമ്പ് സംഘടിപ്പിച്ചു.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരിയെ നേരില്‍ കണ്ട് നിവേദനം സമര്‍പ്പിക്കാനാണ് നാട്ടുകാര്‍ ഒപ്പിടുന്ന നിവേദന ക്യാമ്പ് തന്നെ ഒരുക്കിയത്.

തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങൂനി, ജില്ല കമ്മിറ്റി അംഗങ്ങളായ എന്‍.കെ.ഇ ചന്ദ്രശേഖരന്‍മാസ്റ്റര്‍, പ്രഭാകരന്‍ കടന്നപ്പള്ളി, ഏരിയ പ്രസിഡന്റ് സി.സി.രാജന്‍, ജനറല്‍ സെക്രട്ടറി സന്തോഷ് മുക്കുന്ന്, ഇ.വി.ഗണേശന്‍, ടി.രാജന്‍ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.