തരിശുഭൂമിയില്‍ ഇരട്ടകളുടെ കാര്‍ഷികവിജയം-

തളിപ്പറമ്പ്: ഞങ്ങള്‍ വിതച്ച് അത് ഞങ്ങള്‍ തന്നെ കൊയ്യും എന്ന ആപ്തവാക്യം പ്രാവര്‍ത്തികമാക്കി  ഋതുകൃഷ്ണയും യദുകൃഷ്ണയും. നെല്ല് വിതച്ച് കൊയതെടുക്കണമെന്ന ഇവരുടെ ആഗ്രഹം ഇന്നലെ പൂവണിഞ്ഞു.

നാല് മാസങ്ങള്‍ക്ക് മുമ്പാണ് വീടിനടുത്ത കാട് മൂടി കിടന്ന സ്ഥലം വൃത്തിയാക്കി അവിടെ നെല്ല് വിതച്ചത്.

ഇന്ന് തരിശ് ഭൂമിയില്‍ നെല്‍ക്കതിരുകള്‍ ആടികളിക്കുന്ന മനോഹരമായ കാഴ്ചയാണ് കാണാനാവുന്നത്. 30 സെന്റ് ഭൂമിയാണ് കാട്മൂടി കിടന്നിരുന്നത്.

ഈ സ്ഥലം ഉടമയായ പ്ലാത്തോട്ടത്തെ പ്രീതാ രമേശന്റെ സമ്മതത്തോടെ വെട്ടി വൃത്തിയാക്കി ട്രാക്ടര്‍ കൊണ്ട് ഉഴുതുമറിച്ചാണ് ഇവര്‍ കൃഷിയിടമാക്കി മാറ്റിയത്.

കോവിഡ് കാലത്ത് സ്‌കൂളില്‍ പോകുവാന്‍ കഴിയാതെ വീട്ടില്‍ തന്നെ ഇരുന്ന് ഓണ്‍ലൈന്‍ ക്ലാസുമായി കഴിയുന്ന സമയത്താണ് ഇരട്ടകുട്ടികളായ ഇവരുടെ മനസ്സില്‍ നെല്‍കൃഷി എന്ന ആശയം ഉദിച്ചത്.

ഉടന്‍ തന്നെ തങ്ങളുടെ മനസ്സിലെ ആഗ്രഹങ്ങള്‍ രക്ഷിതാക്കളിലേക്ക് പങ്ക് വെച്ച് അവരുടെ കൂടെ സഹായങ്ങള്‍ കൊണ്ടാണ് ഇത് സാധിച്ചതെന്ന് ഇവര്‍ പറയുന്നു.

നാട്ടിലെ തരിശ്ഭൂമികളും വയലുകളും ഭൂരിഭാഗവും കൃഷി ചെയ്യാതെ ഉപയോഗശൂന്യമായി കിടക്കുകയും അരിയാഹാരത്തിന് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന ദുരവസ്ഥയും ഈ കുട്ടികളുടെ കുരുന്നു മനസുകളെ വളരെ ആഴത്തില്‍ ആകുലപ്പെടുത്തിയിരുന്നു.

തങ്ങളുടെ ഇഛാശക്തിക്കുമുന്നില്‍ എല്ലാ തടസ്സങ്ങളും തട്ടിമാറ്റി നിശ്ചയദാര്‍ഢ്യത്തോടു കൂടി മുന്നോട്ടു പോകുകയാണെങ്കില്‍ പ്രായവും മനസ്സും ഒരു വിഷയമല്ലെന്ന് ഇവര്‍ തെളിയിക്കുന്നു.

പ്ലാത്തോട്ടം, കൂവോട് പോലെയുള്ള സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും തൊഴില്‍പരമായും ഏറെ മുന്നിട്ട് നില്‍ക്കുന്ന മണ്ണില്‍ ഒരുകാലത്ത് 3 വിളകൃഷിയും കരപ്പറമ്പില്‍ പൂത്താടയും അതിന് ശേഷം പച്ചക്കറികളും ഉദ്പാദിപ്പിച്ചിരുന്നു. പക്ഷേ ഇന്ന് ഒരു വിളപോലും എടുക്കാത്ത ദുരവസ്ഥയാണുള്ളത്.

വയലുകള്‍ കാട് മൂടി കിടക്കുന്നു. ഇന്നത്തെ കാലത്ത് ജോലിക്കാരെ വെച്ച് ജോലി ചെയ്താല്‍ മുടക്കിയ മുതല്‍ പോലും കിട്ടില്ലെന്നാണ് പലരുടെയും അഭിപ്രായം. പ്ലാത്തോട്ടത്തെ സുജിത്ത്-സുമി ദമ്പതികളുടെ ഇരട്ട കുട്ടികളാണ് ഇവര്‍.