ഉദ്ഘാടനം കഴിഞ്ഞ് ഒരുവര്‍ഷം ആകാറായിട്ടും ചപ്പാരപ്പടവ് പകല്‍വീട് തുറന്നില്ല.

ചപ്പാരപ്പടവ്: ഉദ്ഘാടനം കഴിഞ്ഞ് ഒരുവര്‍ഷം ആകാറായിട്ടും പകല്‍വീട് തുറന്നില്ല.

എം. ഇബ്രാഹിം ഹാജി സൗജന്യമായി നല്‍കിയ സ്ഥലത്താണ് 2024 ജനുവരി ഒന്നിന് നവവല്‍സര സമ്മാനമായി പകല്‍വീട് ഉദ്ഘാടനം ചെയ്തത്.

2021-22 വാര്‍ഷികപദ്ധതിയുടെ ഭാഗമായാണ് കെട്ടിടം നിര്‍മ്മിച്ചത്. ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ്
സുനിജ ബാലകൃഷ്ണനാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

എന്നാല്‍ 2024 പിന്നിട്ട് 2025 ലേക്ക് കടക്കാന്‍ ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂവെങ്കിലും ഇതേവരെ പകല്‍വീട് തുറന്നില്ല.

കുറച്ച് കസേരകളും ഒരുമേശയും ഇതിനകത്ത് കൊണ്ടുവന്ന് തള്ളിയതൊഴിച്ചാല്‍ പഞ്ചായത്ത് അധികൃതര്‍ ഇങ്ങോട്ട് തിരിഞ്ഞുനേക്കിയിട്ടില്ല.

കെട്ടിടത്തില്‍ വൈദ്യുതി കണക്ഷന്‍ ഇതേവരെ ലഭിച്ചിട്ടില്ല.

ചുറ്റിലും കാടുകയറി കിടക്കുന്നതിനാല്‍ ആരും തന്നെ പകല്‍വീടിന്റെ പരിസരത്തുപേലും വരുന്നില്ല.

ചപ്പാരപ്പടവ് പുഴയുടെ കരയിലായതിനാല്‍ മണ്ണിടിഞ്ഞ് കെട്ടിടം തകരാനുള്ള സാധ്യതയും ഏറെയാണ്. വയോധികര്‍ക്ക് പകല്‍ ഒത്തുചേരാന്‍ ലക്ഷ്യമിട്ട് നിര്‍മ്മിച്ച പകല്‍വീട് ഫലത്തില്‍ നോക്കുകുത്തിയായി മാറിയിരിക്കയാണ്.

ഈ ഭരണസമിതിയുടെ കാലാവധി തീരുംമുമ്പ് ഇത് പ്രവര്‍ത്തിക്കുമോ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

ഒരാവശ്യവുമില്ലാതെ നിര്‍മ്മാണം നടത്തി കമ്മീഷനടിക്കുക എന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സ്ഥിരം പരിപാടിയുടെ ഭാഗമാണ് ഈ പകല്‍വീട് കെട്ടിടവുമെന്ന വിമര്‍ശനം വ്യാപകമാണ്.

പകല്‍വീട് കെട്ടിടം ഉടന്‍തന്നെ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ നടപടികല്‍ സ്വീകരിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ അംഗം സാനിച്ചന്‍ മാത്യു മേനോലിക്കല്‍ തളിപ്പറമ്പ് താലൂക്ക് വികസനസമിതി മുമ്പാകെ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.