പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രോത്സവം സമാപിച്ചു.

തളിപ്പറമ്പ്: പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പതിറ്റാണ്ടുകളായി നടത്തി വരുന്ന തിരുവുത്സവം മണ്ഡലസമാപ്ത ദിവസമായ ധനു 11 ന് പൂര്‍വ്വാധികം ഭംഗിയായി വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ നടന്നു.

തന്ത്രി ബ്രഹ്മശ്രീ കാമ്പ്രത്ത് ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ തന്ത്രി ശ്രീനിവാസന്‍ നമ്പൂതിരി, തന്ത്രി പ്രവീണ്‍ നമ്പൂതിരി എന്നിവരുടെ സഹകാര്‍മ്മികത്ത്വത്തിലും പൂജാദികര്‍മ്മങ്ങള്‍ വിശേഷാല്‍ പൂജകള്‍ എന്നിവ നടന്നു.

കാലത്ത് 5 മണിക്ക് നിര്‍മ്മാല്യ ദര്‍ശനം, 5.30 മണിക്ക് നെയ്യഭിഷേകം, 6 മണിക്ക് ഗണപതി ഹോമം, ഉഷ:പൂജ, നവകംപഞ്ചഗവ്യ അഭിഷേകം, തിരുത്സവബലി, ശനീശ്വരപൂജ , ഉച്ചപൂജ, വനശാസ്താവിന് പൂജയും നെയ്പായസനിവേദ്യം എന്നിവ നടന്നു.

വൈകുന്നേരം മൂന്നു മണിക്ക് എം.പി.അരുണ്‍രാജ്, ഇ.വി.സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തായമ്പക നടന്നു. ശ്രീഹരി മാരാര്‍ സോപാന അഷ്ടപദി പാടി.

4മണിക്ക് തിരുവുത്സവബലി നടന്നു. ഗോവിന്ദന്‍ നമ്പൂതിരി തിടമ്പുനൃത്തമാടി, 7 മണിക്ക് സര്‍പ്പബലിയും വെള്ളനിവേദ്യവും സമര്‍പ്പിച്ചു.

ദീപാരാധന, നിറമാല, അത്താഴപൂജ എന്നിവക്ക് ശേഷം തിരുനട അടച്ചു. സര്‍പ്പബലിയുടെ പ്രത്യേക ചടങ്ങ് പുളിയപ്പാടം കുടുംബം വകയായിരുന്നു നടന്നത്.