പാലത്തായി പോക്സോ കേസ് വിധി മേല്‍ക്കോടതിയില്‍ ചോദ്യം ചെയ്യും: എന്‍. ഹരിദാസ്
തലശ്ശേരി: പാലത്തായി പോക്സോ കേസ് കെട്ടിച്ചമച്ചതാണെന്നും വിധി മേല്‍ക്കോടതിയില്‍ ചോദ്യംചെയ്യുമെന്നും ബിജെപി സംസ്ഥാന സമിതിയംഗം എന്‍. ഹരിദാസ് പ്രസ്താവനയില്‍ പറഞ്ഞു. തുടക്കത്തില്‍ കേസ് അന്വേഷിച്ച ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും പറഞ്ഞത് അതിജീവിതയുടെ ആരോപണത്തെ തെളിയിക്കാന്‍ ശാസ്ത്രീയ തെളിവുകള്‍ പര്യാപ്തമല്ലെന്നാണ്.
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതില്‍ മത ഭീകരവാദികള്‍ക്ക് കേസില്‍ പ്രതിയായ അധ്യാപകനോട് വൈരാഗ്യമുണ്ടായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കെട്ടിച്ചമച്ചതാണ് പോക്സോ കേസ്.
കേസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലൊന്നും കൃത്യമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല.
അന്വേഷണവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി നല്കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നുവെങ്കിലും അതിലും കൃത്യമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല.
പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന് പറയുന്ന ദിവസങ്ങളില്‍ ആരോപണ വിധേയനായ അധ്യാപകന് സ്കൂളില്‍ എത്തിയില്ല എന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിരുന്നു.
ഇതൊന്നും കേസില്‍ പരിഗണിച്ചില്ല.
കേസില്‍ പരാതി കൊടുക്കുന്നതിന് രണ്ടുമാസം മുമ്പ് രക്തക്കുറവുണ്ടെന്ന് കാണിച്ച് ചൊക്ലിയിലെ ഗൈനക്കോളജിസ്റ്റിനെ കാണിച്ചുവെങ്കിലും ആ സമയത്തൊന്നും പീഡന ആരോപണമുണ്ടായില്ല.
പോക്സോ കേസില്‍ കഴമ്പില്ലെന്ന് ക്രൈം ബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് തന്നെ വ്യക്തമാക്കിയിരുന്നു.
ഇത് പിന്നീട് വിവാദമാവുകയും ഇത് ചോദ്യം ചെയ്ത് പെണ്‍കുട്ടിയുടെ ഉമ്മ പരാതി നല്‍കുകയും ചെയ്തു.
തുടര്‍ന്ന് ഉമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘത്തെ മാറ്റി എസിപി രത്നകുമാറിന് കേസിന്റെ ചുമതല നല്കി.
ശാസ്ത്രീയ തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ അതിജീവിതയുടെ ആദ്യമൊഴിയുടെ അടിസ്ഥാനത്തില്‍ പോക്സോ വകുപ്പ് പ്രകാരം കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.
റിട്ടയര്‍ ചെയ്ത രത്നകുമാര്‍ ശ്രീകണ്ഠാ പുരം മുനിസിപ്പാലിറ്റിയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയാണെന്നും ഇത് അന്വേഷണ വിധേയമാക്കണമെന്നും എന്‍. ഹരിദാസ് പറഞ്ഞു.
