മെഡിക്കല്‍ കോളേജ് കെട്ടിടം കയ്യേറ്റം- ഗവര്‍ണര്‍ക്ക് പരാതി.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസിലെ ചാച്ചാജി വാര്‍ഡ് കയ്യേറി പാംകോസ് എന്ന സഹകരണ സൊസൈറ്റി നടത്തുന്നത് നഗ്നമായ കയ്യേറ്റമാണെന്ന് വ്യക്തമായി.

ബാങ്ക് നടത്താനെന്ന പേരില്‍ വലിയ വാര്‍ഡ് തന്നെ വിവിധോദ്ദേശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുക ന്നെ ലക്ഷ്യത്തോടെയാണ് പൊളിച്ച് പുതുക്കിപ്പണിയുന്നത്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിക്കാനുള്ള യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ അധികാരത്തിന്റെ അഹങ്കാരത്തിലാണ് സി.പി.എം നിയന്ത്രണത്തിലുള്ള സൊസൈറ്റി കൊള്ള നടത്തുന്നതെന്ന് ജനകീയാരോഗ്യവേദി കണ്‍വീനര്‍ എസ്.ശിവസുബ്രഹ്‌മണ്യന്‍ പറഞ്ഞു.

ഇതിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയതായി അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

പൊതുമരാമത്ത് വകുപ്പ് കെട്ടിടത്തിന്റെ മൂല്യനിര്‍ണയം നടത്തണമെന്നത് ഇവിടെ പാലിക്കപ്പെട്ടിട്ടില്ല.

സഹകരണ സൊസൈറ്റിക്ക് വാര്‍ഡ് പതിച്ചുനല്‍കാനോ വാടകക്ക് നല്‍കാനോ ആശുപത്രി വികസനസമിതിക്ക് അധികാരമില്ലെന്നിരിക്കെ സി.പി.എം സൊസൈറ്റിക്ക് കച്ചവടം നടത്താന്‍ തോന്നിയപോലെ സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കുന്നത് അനുവദിക്കാനാവില്ലെന്നും, ഇതിനെതിരെ ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നുംഅദ്ദേഹം പറഞ്ഞു.

ബാങ്ക് നടത്താനെന്ന പോരില്‍ ദുരൂഹവും നിഗൂഢവുമായ പരിപാടികളാണ് ഇവിടെ നടന്നുവരുന്നതെന്ന് സംശയിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പണി അടിയന്തിരമായി നിര്‍ത്തിവെക്കാന്‍ ബന്ധപ്പെട്ടവര്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

നാളെ യു.ഡി.എഫ് പ്രതിനിധിസഘം കയ്യേറ്റം നടക്കുന്ന കെട്ടിടം സന്ദര്‍ശിക്കുന്നുണ്ട്. കെ.കേളപ്പന്‍ നിര്‍മ്മിച്ചുകൊടുത്ത കുട്ടികളുടെ വാര്‍ഡ് സഹകരണ സൊസൈറ്റി പൊളിക്കുന്നതിന് മെഡിക്കല്‍

കോളേജ് അധികൃതര്‍ ചൂട്ടുപിടിക്കുകയാണെന്നും കെട്ടിടം പൊളിച്ച ഓടും മരവും ഉള്‍പ്പെടെ കടത്തിക്കൊണ്ടുപോയതിനെതിരെ പോലീസില്‍ പരാതി നല്‍കാന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാല്‍ തയ്യാറാവാത്തത് ദുരൂഹമാണെന്നും ശിവസുബ്രഹ്‌മണ്യന്‍ പറഞ്ഞു.