ജോലിഭാരം താങ്ങാവുന്നതിലേറെ—ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍-

കണ്ണൂര്‍: ഗ്രാമ പഞ്ചായത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ ജീവനക്കാരെ നിയമിക്കാതെ നിരവധി പുതിയ വിഷയങ്ങളുടെ ചുമതല ഗ്രാമ പഞ്ചായത്തുകളെ അടിച്ചേല്‍പ്പിക്കുന്നത് പഞ്ചായത്ത് സെക്രട്ടറിമാരെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കുന്നു.

പ്രായോഗികമായി അമാനുഷികമായ ചുമതലകളാണ് നിലവില്‍ തന്നെ സെക്രട്ടറിമാരെ ഏല്‍പ്പിച്ചിട്ടുള്ളത്. ഒരു ഓഫീസില്‍ 20 ലധികം പാസ് വേര്‍ഡുകള്‍ ഉപയോഗിക്കുകയും അസംഖ്യം രേഖകളില്‍ ഡിജിറ്റല്‍ ഒപ്പ് രേഖപ്പെടുത്തുകയും ചെയ്യേണ്ടിവരുന്ന സര്‍ക്കാര്‍ സര്‍വീസിലെ അസാധാരണ സാഹചര്യത്തിലാണ് സെക്രട്ടറിമാര്‍ നിലവില്‍ ജോലിയെടുക്കുന്നത്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നിര്‍വ്വഹണത്തിനു പോലും സ്വതന്ത്രമായ ചുമതല അസിസ്റ്റന്റ് സെക്രട്ടറിമാര്‍ക്ക് നാളിതുവരെ നല്‍കിയിട്ടില്ല.

തൊഴിലുറപ്പ് പദ്ധതിയിലെ മേല്‍നോട്ടത്തിലുണ്ടാവുന്ന ചെറിയ വീഴ്ചകള്‍ക്ക് പോലും സെക്രട്ടറിമാര്‍ മാത്രം ബലിയാടുകളായി മാറുകയാണ്.

അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ ആഴ്ചയില്‍ മിക്കവാറും എല്ലാ ദിവസങ്ങളിലും വിവിധ വകുപ്പുകള്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗങ്ങളും പരിശീലന പരിപാടികളും വിളിച്ചു ചേര്‍ക്കുന്നതും മാനസിക സമ്മര്‍ദ്ദം കൂട്ടുന്നതിന് ഇടയാക്കിയിട്ടുണ്ട്.

ഔദ്യോഗിക ജോലിഭാരം കാരണം കുടുംബ ബന്ധങ്ങള്‍ പോലും ശിഥിലമാകുന്ന അവസ്ഥ സംജാതമായിട്ടുണ്ടെന്നാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ പരാതിപ്പെടുന്നത്.

ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെട്ട് വകുപ്പ്തലത്തില്‍ പ്രശ്‌ന പരിഹാരത്തിന് നടപടി സ്വീകരിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ കെ.ജി.ഒ.യു ജില്ലാ പ്രസിഡന്റ് കെ.കെ.രാജേഷ് അധ്യക്ഷത വഹിച്ചു. ടി.ഷജില്‍, സി.ഉണ്ണികൃഷ്ണന്‍, ഏ.ആര്‍.ജിതേന്ദ്രന്‍, എന്‍.പ്രിജിത്ത്, കെ.സത്യന്‍, പി.സനില്‍ കുമാര്‍, ഡോ. ബീറ്റു ജോസഫ്, ഷിജിന്‍ മാണിയേത്ത്, നിഭാകുമാരി എന്നിവര്‍ സംസാരിച്ചു.