മൂന്നാഴ്ച്ച കഴിഞ്ഞു-മുഖ്യമന്ത്രിയുടെ ഉറപ്പ് കുറുപ്പിന്റെ ഉറപ്പ്

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ ആഗിരണപ്രക്രിയ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ച സമയപരിധി ഇന്നലെ അവസാനിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ വാക്കിനും ഉറപ്പിനും കീറക്കടലാസിന്റെ വിലപോലുമില്ലെന്ന് തെളിഞ്ഞതായി ജീവനക്കാര്‍ പറയുന്നു.

നവംബര്‍ 30 നാണ് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ, ധനകാര്യ വ്യയ സെക്രട്ടറി കേശവേന്ദ്ര കുമാര്‍, മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ.തോമസ് മാത്യു, ജോ.ഡയറക്ടര്‍ ഡോ.വിശ്വനാഥന്‍, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സൈറു ഫിലിപ്പ്, സൂപ്രണ്ട് ഡോ. കെ.സുദീപ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വിമല്‍ റോഹന്‍ എന്നിവര്‍ യോഗം ചേര്‍ന്നത്.

ജീവനക്കാരുടെ വിഷയങ്ങളില്‍ അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ നിയമനാംഗീകാരം ഉള്‍പ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് യോഗം ചേര്‍ന്നത്.

മൂന്ന് ആഴ്ചക്കുള്ളില്‍ ധനവകുപ്പ് ആഗിരണപ്രക്രിയയുമായി ബന്ധപ്പെട്ട ഫയലുകളില്‍ തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.

ഇടക്കാല ആശ്വാസം അനുവദിക്കുന്നത് പരിശോധിച്ച് അടിയന്തിരമായി തീരുമാനമെടുക്കാനും മെഡിക്കല്‍ കോളേജിലെ കുടിശ്ശികയായി അടച്ചു തീര്‍ക്കേണ്ട തുക കണ്ടെത്തി അനുവദിക്കുന്നതിന് ധനവകുപ്പിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് അനുസരിച്ച് മൂന്നാഴ്ച്ചയിലെ അവസാനത്തെ ദിനം ഇന്നലെയായിരുന്നു. എന്നാല്‍ യാതൊരു നടപടികളും ഉണ്ടായില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.