പ്രസ് ക്ലബ്ബ് റോഡിലെ പാലം മുങ്ങി, താല്‍ക്കാലിക പാലത്തിലൂടെ ദുരിതയാത്ര
പരിയാരം: പരിയാരം പ്രസ് ക്ലബ് റോഡ് വെള്ളത്തില്‍ മുങ്ങി, എം.എല്‍.എയുടെ വാക്ക് പാഴ്വാക്കായി, താല്‍ക്കാലിക കവുങ്ങ് പാലം പണിത് നാട്ടുകാര്‍.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്നും വളരെ എളുപ്പത്തില്‍ കുളപ്പുറം – പഴയങ്ങാടി ഭാഗത്തേക്ക് പോകുന്ന റോഡാണ് പൂര്‍ണമായും വെള്ളത്തിലായത്.
അലക്യം തോടിന് കുറുകെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിത പാലത്തിലൂടെയാണ് ദേശീയ പാതയില്‍ നിന്നും റോഡിലേക്ക് കയറുന്നത്.
ഈ പാലത്തിനടിയില്‍ കണക്കിന് മണ്ണും മാലിന്യങ്ങളും അടിഞ്ഞുകൂടിയതിനാല്‍ വെള്ളമൊഴുക്ക് നിലച്ചതാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയത്.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും ജീവനക്കാരും ഉള്‍പ്പെടെ താമസിക്കുന്ന നിരവധി വീടുകളും ഫ്ളാറ്റുകളും കുളപ്പുറം ഭാഗത്താണ്.
കൂടാതെ മെഡിക്കല്‍ കോളേജിലെ നൂറുകണക്കിന് രോഗികള്‍ക്ക് സഹായങ്ങള്‍ ചെയ്യുന്ന എസ്. വൈ. എസ് സാന്ത്വന കേന്ദ്രത്തിലേക്കും ഇതു വഴിയാണ് പോകേണ്ടത്.
പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകാന്‍ തുടങ്ങിയതോടെ നൂറുകണക്കിനാളുകളാണ് ദുരിതത്തിലായത്.
ഇതോടെ നാട്ടുകാര്‍ പാലത്തിന് സമീപം താല്‍ക്കാലിക ക വുങ്ങ് തടിപ്പാലം നിര്‍മ്മിച്ചിട്ടുണ്ട്.
എന്നാല്‍ ഈ പാലവും അത്ര സുരക്ഷിതമല്ല.
കഴിഞ്ഞ വര്‍ഷം തന്നെ പാലത്തിനടിയിലെ മണ്ണ് നീക്കം ചെയ്ത് മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തണമെന്ന് നാട്ടുകാര്‍ ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധരനോടും എം.വിജിന് എം.എന്‍.എയോടും ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ വര്‍ഷവും മണ്ണ് നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെന്ന പരാതി വ്യാപകമാണ്.
ദേശീയപാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം മാത്രമേ ഇവിടെ നവീകരണം നടത്താനാവു എന്നാണ് പഞ്ചായത്ത് നിലപാട്.
എങ്കില്‍ ഉറപ്പുള്ള താല്‍ക്കാലിക പാലം പണിയണമെന്ന ആവശ്യം കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍.
ഇക്കാര്യത്തില്‍ പ്രത്യക്ഷസമരത്തിനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.
