കള്ളന് കത്തയച്ച് അനുമതി കാത്ത് പരിയാരം പോലീസ്-കനിയുമോ കള്ളന്‍-

പരിയാരം: കള്ളന് കത്തയച്ച് അനുമതി കാത്ത് പരിയാരം പോലീസ്. അരിപ്പാമ്പ്രയിലെ വിവാദ മോഷ്ടാവിനെ പിടികൂടാനാവാതെ പരിയാരം പോലീസ് വലയുന്നു.

നവംബര്‍ ഒന്നിന് മോഷണ മുതലുകളും പണവും പഞ്ചായത്ത് മെമ്പറുടെ വീട്ടില്‍ ഉപേക്ഷിച്ചിട്ട് ആഴ്ച്ച രണ്ടുകഴിഞ്ഞിട്ടും കള്ളന്‍ ഇപ്പോഴും കാണാമറയത്തുതന്നെ.

സംസ്ഥാനപോലീസിന് മൊത്തത്തില്‍ നാണക്കേടുണ്ടാക്കിയ ഈ സംഭവത്തില്‍ മോഷ്ടാവിപ്പോള്‍ മുന്‍കൂര്‍ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുകയാണ്.

ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്താന്‍ വകുപ്പ് 41 പ്രകാരം മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണിപ്പോള്‍.

നോട്ടീസ് നല്‍കാന്‍ കള്ളനെ തേടിയലഞ്ഞ പോലീസ് കഴിഞ്ഞ ദിവസം നോട്ടീസ് തപാല്‍വഴി അയച്ചിരിക്കയാണ്.

ഇനി അതിന്റെ മറുപടി കിട്ടിയാല്‍ മാത്രമേ പോലീസിന് ‘ഇദ്ദേഹത്തെ’ വിളിച്ചുവരുത്താന്‍ കഴിയൂ.

നേരത്തെ ഒക്ടോബര്‍ 31 ന് സി.സി.ടി.വി കാമറ ദൃശ്യത്തില്‍ പതിഞ്ഞ മോഷ്ടാവിനെ തിരിച്ചറിഞ്ഞുവെങ്കിലും പിടികൂടാതെ നാട്ടുകാര്‍ക്ക് മോഷണം തടയാന്‍ ബോധവല്‍ക്കരണ ക്ലാസെടുക്കാനാണ് പോലീസ്

ശ്രമിച്ചതെന്ന പരാതി വ്യാപകമാകുന്നതിനിടയിലാണ് കൃത്യം ഒരുമാസം തികയുന്ന ദിവസം പഞ്ചായത്തംഗം അഷറഫ് കൊട്ടോലയുടെ വീട്ടുവരാന്തയില്‍ 1,91,500 രൂപയും 37.500 ഗ്രാം സ്വര്‍ണവും ഉപേക്ഷിച്ചത്.

ആരുടെയൊക്കെ വീട്ടില്‍ നിന്നാണ് മോഷ്ടിച്ചതെന്ന വിശദവിവരവും മാപ്പപേക്ഷയും ഇതോടൊപ്പം ഉണ്ടായിരുന്നു.

ഇതോടെ പോലീസ അന്വേഷണം ഒഴിവാകുമെന്ന ധാരണയിലായിരുന്നു മോഷ്ടാവ്.

സംഭവം വിവാദമായതോടെ പരിയാരം പോലീസ് കള്ളനെ തേടിയിറങ്ങിയപ്പോഴാണ് ‘അദ്ദേഹം’ മുന്‍കൂര്‍ജാമ്യാപേക്ഷയുമായി കോടതിയിലെത്തിയത്.

കഴിഞ്ഞ ദിവസം മുതല്‍ നേരിട്ട് 41-ാം വകുപ്പ്പ്രകാരം നോട്ടീസ് നല്‍കാന്‍ പോലീസ് കള്ളനെ തേടിയിറങ്ങിയെങ്കിലും ഒന്നും നടന്നില്ല.

നിരവധി പ്രമാദമായ മോഷണക്കേസുകളിലും പ്രതികളെ പിടികൂടാന്‍ സാധിക്കാതെ പരിയാരം പോലീസ് കടുത്ത വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കെയാണ് പുതിയ വഴിത്തിരിവുകള്‍.