പരിയാരത്ത് വീടുകളില്‍ കവര്‍ച്ച നടത്തിയ മോഷ്ടാവ് പിടിയില്‍.

പരിയാരം: പരിയാരത്ത് രണ്ട് വീടുകള്‍ കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ച്ച ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗിലെ ഗാര്‍ഡന്‍ വളപ്പില്‍ പി.എച്ച്.ആസിഫിനെയാണ്(24) പരിയാരം  ഇന്‍സ്‌പെക്ടര്‍ എം.പി.വിനീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ പിടികൂടിയത്. ഫെബ്രുവരി-14 ന് പകലായിരുന്നു മോഷണം നടന്നത്. ആറര ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും 20,300 രൂപയുമാണ് രണ്ട് വീടുകളില്‍ നിന്നായി കവര്‍ച്ച ചെയ്തത്. ചെറുതാഴം കക്കോണിയിലെ കുട്ടിത്തറവാട് കെ.രാജന്റെ(58) വീടിന്റെ അടുക്കള ഭാഗത്തെഗ്രില്‍സും ഡോറും തുറന്ന് അകത്തുകയറിയ മോഷ്ടാവ് ബെഡ്റൂമില്‍ അലമാരയില്‍ സൂക്ഷിച്ച രാജന്റെ മകളുടെ നാല് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഭാര്യയുടെ പേഴ്സില്‍ ഉണ്ടായിരുന്ന 2300 രൂപയും മോഷ്ടിച്ചു.രാവിലെ 10 മണിക്കും ഉച്ചക്ക് ഒന്നിനും ഇടയിലായിരുന്നു സംഭവം.
ചെറുതാഴം അറത്തിപ്പറമ്പ് നരീക്കാംവള്ളിയിലെ കുന്നുമ്മല്‍ വീട്ടില്‍ കെ.വി.സാവിത്രിയുടെ(57)വീട്ടില്‍ ഉച്ചക്ക് 12 നും വൈകുന്നേരം 5 നും ഇടയിലായിരുന്നു കവര്‍ച്ച നടന്നത്. ഒന്നരലക്ഷം രൂപ വിലമതിക്കുന്ന രണ്ടരപവന്‍ സ്വര്‍ണാഭരണങ്ങളും 18,000 രൂപയുമാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്. പയ്യന്നൂര്‍, പഴയങ്ങാടി സ്റ്റേഷനുകളിലും ആസിഫിനെതിരെ കേസുണ്ട്. ഹോസ്ദുര്‍ഗ് സ്‌റ്റേഷനില്‍ മാത്രം 18 കേസുകളിലെ പ്രതിയാണ്. പരിയാരത്തേത് ഉള്‍പ്പെടെ 25 കേസുകളില്‍ പ്രതിയാണ് ആസിഫ്.

മോഷണത്തിന് വ്യത്യസ്ത രീതി.

പരിയാരം: സാധാരണ മോഷ്ടാക്കളില്‍ നിന്നും വ്യത്യസ്തമായ രീതിയാണ് ആസിഫ് മോഷണത്തില്‍ സ്വീകരിക്കാറുള്ളെതന്ന് പോലീസ് പറഞ്ഞു. അപരിചിതമായ സ്ഥലത്തേക്ക് ബസുകളില്‍ സഞ്ചരിച്ച് ഗ്രാമപ്രദേശങ്ങളിലേക്ക് കാല്‍നടയായി യാത്രചെയ്താണ് മോഷമത്തിനായി വീടുകള്‍ കണ്ടെത്തുന്നത്. ഇതിനായി ഇരുപത് കിലോമീറ്ററുകള്‍ വരെ ഇയാള്‍ നടന്നുപോകാറുണ്ട്. ഈ കാല്‍നടയാത്രക്കിടയില്‍ ആള്‍ത്താമസമില്ലാത്ത വീടുകള്‍ കണ്ടെത്തി അനുകൂല സാഹചര്യം നോക്കി മോഷണം നടത്തുകയാണ് പതിവ്, കൂടുതലും പണം മാത്രമാണ് ഇയാല്‍ മോഷ്്ടിക്കാറുള്ളത്. മോഷണം നടത്തിയ ശേഷം മംഗളൂരു, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലെത്തി ആഡംബര ഹോട്ടലുകളിലും മറ്റ് താമസിച്ച് സുഖിച്ച് ജീവിക്കാറാണ് പതിവ്. പണം തീര്‍ന്നാല്‍ പതിവ് രീതികള്‍ തുടരും. അന്വേഷണ ഉദ്യോഗസ്ഥരുടെ അന്വേഷണമികവാണ് പ്രതിയെ വലയിലാക്കിയത്. മോഷണത്തിന്റെ രീതികള്‍ കണ്ടപ്പോള്‍തന്നെ പരിചയസമ്പന്നരായ പോലീസുദ്യോഗസ്ഥര്‍ക്ക് മോഷണത്തിന് പിന്നില്‍ ആസിഫ് തന്നെയാണെന്ന് വ്യക്തമായിരുന്നു. സൈബര്‍സെല്ലിന്റെ പരിശോധനയില്‍ ആസിഫിന്റെ സാന്നിധ്യം ഉറപ്പിക്കുകയും ചെയ്തു. കക്കോണിയിലെ രാജന്റെ വീട്ടിലാണ് ആസിഫ് ആദ്യം മോഷണം നടത്തിയത്. പിന്നീടാണ് സാവിത്രിയുടെ വീട്ടിലെത്തിയത്. കാല്‍നടയായിട്ടാണ് രണ്ടിടങ്ങളിലും എത്തിയത്. സി ഐ എം.പി വിനീഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ ഷാജിമോന്‍, എ എസ് ഐമാരായ പ്രകാശന്‍, ഷൈജു, പയ്യന്നൂര്‍ ഡിവൈഎസ്പിയുടെ അന്വേഷണ സ്‌ക്വാഡ് അംഗങ്ങളായ നൗഫല്‍ അഞ്ചില്ലത്ത്, എന്‍.എം അഷറഫ് ,രജീഷ് പൂഴിയില്‍,നിഷാദ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.