പോലീസ് സ്‌റ്റേഷന്റെ മുന്നിലാണെങ്കിലും അമിതവേഗം നിയന്ത്രിക്കാന്‍ നടപടിയില്ലെന്ന് ആക്ഷേപം.
പരിയാരം: പരിയാരത്ത് വാഹനങ്ങളുടെ അമിതവേഗതയുടെ ഇരയായി ഒരാള്‍കൂടി.

21 ന് രാവിലെ നടന്ന അപകടത്തില്‍ പരിക്കേറ്റ സുലൈമാന്‍ഹാജി ഇന്ന് രാവിലെ മരണപ്പെട്ടുവെങ്കിലും ദേശീയപാതയിലൂടെയുള്ള അമിതവേഗത നിയന്ത്രിക്കാന്‍ നടപടികളൊന്നുമില്ല.
നൂറുകണക്കിനാളുകള്‍ എത്തിച്ചേരുന്ന മെഡിക്കല്‍ കോളേജ് ബസ്‌റ്റോപ്പില്‍ അനധികൃത പാര്‍ക്കിങ്ങും നിരവധിയാണ്.
പോലീസ് സ്‌റ്റേഷന്റെ മുന്നിലാണെങ്കിലും ഇത്രയേറെ തിരക്കേറിയ ബസ്‌റ്റോപ്പില്‍ ഗതാഗത നിയന്ത്രണത്തിന് ഒരു ഹോംഗാര്‍ഡിനെപോലും നിയോഗിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.
നിരവധി ചെറിയ അപകടങ്ങള്‍ നടന്നുവെങ്കിലും അത് ഗൗരവത്തിലെടുക്കാത്ത പോലീസിന്റെ അലംഭാവമാണ് ഇവിടെ അപകടം പതിവാകാന്‍ കാരണമായതെന്ന ആക്ഷേപം ശക്തമാണ്.
നേരത്തെ സീബ്രാലൈനില്‍ വാഹനമിടിച്ച് പരിക്കേറ്റയാള്‍ മരണമടഞ്ഞതിന് ശേഷം കുറച്ചുദിവസം പോലീസ് സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും പിന്നീട് എല്ലാം പഴയപടിയായി.
തളിപ്പറമ്പ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ മെഡിക്കല്‍ കോളേജിന് മുന്നിലെത്തുമ്പോള്‍ റോഡിന് നല്ല ഇറക്കമായതിനാല്‍ അമിതവേഗതയിലാണ് എത്തുന്നത്.
പയ്യന്നൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ നിര്‍ത്തുന്നതിന് സമീപം തന്നെയാണ് ശ്രീസ്ഥ ഭാഗത്തേക്കുള്ള റോഡ്.
ഈ റോഡ് വീതികൂട്ടി ടാറിങ്ങ് നടത്തിയതിന് ശേഷം വാഹനഗതാഗതം ഇരട്ടിയോളം വര്‍ദ്ധിച്ചിട്ടുണ്ട്.
ഇടതടവില്ലാതെ വാഹനങ്ങള്‍ പോകുന്നതിനിടെ റോഡ് മുറിച്ചുകടക്കുന്നവരെ ശ്രദ്ധിക്കാന്‍ ഡ്രൈവര്‍മാര്‍
തയ്യാറാവാത്തതാണ് അപകടത്തിന് മുഖ്യകാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
മെഡിക്കല്‍ കോളേജ് സ്‌റ്റോപ്പില്‍ അടിയന്തിരമായും പോലീസ് സാന്നിധ്യം ഏര്‍പ്പെടുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
