ഒടുവില്‍ ക്ഷേത്രമോഷ്ടാവ് പരിയാരം പോലീസിന്റെ പിടിയിലായി-

പരിയാരം: കടന്നപ്പള്ളിക്ഷേത്രക്കവര്‍ച്ച കേസില്‍ പ്രതി പിടിയില്‍. വിവാദങ്ങള്‍ക്കൊടുവില്‍ തിങ്കളാഴ്ച്ച കേസ് രജിസ്റ്റര്‍ ചെയ്ത് പരിയാരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൈതപ്രത്തെ ഹരിദാസിനെ(43) എസ്.ഐ.രൂപ മധുസൂതനന്‍ അറസ്റ്റ് ചെയ്തത്.

കടന്നപ്പള്ളിയിലെ മംഗലശേരി ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ 22 ന് നടന്ന മോഷണക്കേസിലാണ് ഹരിദാസ് പിടിയിലായത്.

ഭണ്ഡാരത്തില്‍ നിന്നും ക്ഷേത്രം ഓഫീസില്‍ നിന്നും കവര്‍ച്ച ചെയ്ത പണവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.

നേരത്തെ കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാതിരുന്ന പരിയാരം പോലീസിന്റെ നടപടി വന്‍വിവാദമായിരുന്നു.

ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ നിമിഷ, ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് പി.പി.നാരായണന്‍ മാസ്റ്റര്‍ എന്നിവര്‍ മോഷണം നടന്ന ദിവസം പകല്‍ സ്‌റ്റേഷനിലെത്തി രേഖാമൂലം പരാതി നല്‍കിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യണ്ട, പ്രതിയെ ഞങ്ങള്‍ പിടിച്ചോളാമെന്ന് ഉപദേശിച്ച് എസ്.ഐ. ഇവരെ പറഞ്ഞയക്കുകയായിരുന്നുവെന്ന് ക്ഷേത്രഭാരവാഹികള്‍ വെളിപ്പെടുത്തിയിരുന്നു.

വിവരമന്വേഷിച്ച മാധ്യമ പ്രവര്‍ത്തകരോട് ചെറിയ സംഭവമായതിനാല്‍ കേസ് വേണ്ടെന്ന് ക്ഷേത്രം അധികൃതര്‍ പറഞ്ഞത് പ്രകാരമാണ് കേസ് എടുക്കാതിരുന്നതെന്നായിരുന്നു പോലീസ് ഭാഷ്യം.

മലബാര്‍ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രത്തിന്റെ ശ്രീകോവില്‍ പിക്കാസ് ഉപയോഗിച്ച് തകര്‍ക്കുകയും ഭണ്ഡാരം പൊളിച്ചും ഓഫീസ് തകര്‍ത്തും പണം കവരുകയും ചെയ്ത സംഭവത്തില്‍ കേസെടുക്കാതിരുന്നതില്‍ മലബാര്‍ ദേവസ്വം അധികൃതര്‍ നടുക്കം പ്രകടിപ്പിച്ചിരുന്നു.

സംഭവം ഒച്ചപ്പാടായതോടെ തിങ്കളാഴ്ച്ച രാത്രിയാണ് ക്ഷേത്രക്കവര്‍ച്ചയില്‍ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. പോലീസിന്റെ നിലപാടില്‍ ഉന്നതകേന്ദ്രങ്ങള്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം വ്യാപകമാക്കിയത്.

പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബുവിന്റെ നേതൃത്വത്തില്‍ നടന്ന ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

നേരത്തെ മറ്റ് ചില മോഷണകേസുകളിലും ഈയാള്‍ പ്രതിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.