പ്രമാദമായ കേസുകളെല്ലാം മൂലയിലിട്ടു-പരിയാരത്ത് ആകെ നടക്കുന്നത് വാഹനപരിശോധനയും രണ്ടോ മൂന്നോ ഗ്രാം കഞ്ചാവ് പിടിക്കല്‍ സാഹസങ്ങളും മാത്രം-

പരിയാരം: പരിയാരം പോലീസ് സ്‌റ്റേഷനില്‍ എല്ലാം കുഴഞ്ഞുമറിയുന്നു, പ്രമാദമായ കേസന്വേഷണങ്ങള്‍ പൂര്‍ണമായും നിലച്ചു.

എസ്.എച്ച്.ഒ പ്രമോഷായി പോയിട്ട് രണ്ടാഴ്ച്ച പിന്നിട്ടിട്ടും പുതിയ നിയമനം നടത്തുകയോ മറ്റൊരാളെ ചുമതല ഏല്‍പ്പിക്കുകയോ ചെയ്തിട്ടില്ല.

ജൂണിയറായ വനിതാ എസ്.ഐക്കാണ് എസ്.എച്ച്.ഒയുടെ ചുമതല. ഇവരാകട്ടെ പരാതിക്കാര്‍ പോലീസ് വകുപ്പ് പ്രസിദ്ധീകരിച്ച എസ്.ഐയുടെ സി.യു.ജി നമ്പറില്‍ വിളിച്ചാല്‍ പോലും ഫോണെടുക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ കാത്ത്‌ലാബ് തകര്‍ത്ത സംഭവത്തിലെ പ്രതികളെ ഇതേവരെ അറസ്റ്ര് ചെയ്തിട്ടില്ല.

ഈ കേസില്‍ അന്വേഷണം പൂര്‍ണമായും നിലച്ചിരിക്കയാണ്. ഏപ്രില്‍ 20 ന് നടന്ന സംഭവത്തില്‍ മെയ് ആറിനാണ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ സയന്റിഫിക് ഓഫീസര്‍ പരിശോധന നടത്തിയത്.

26 ന് പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും ഈ കേസില്‍ ഒരിഞ്ച് പോലും മുന്നോട്ടുപോകാന്‍ പോലീസിന് സാധിച്ചിട്ടില്ല.

പരിയാരത്ത് ആരെ നടക്കുന്നത് വാഹനപരിശോധനയും രണ്ടോ മൂന്നോ ഗ്രാം കഞ്ചാവ് പിടിക്കുന്ന അതിസാഹസങ്ങളും മാത്രമാണെന്നാണ് ആക്ഷേപം.

കഴിഞ്ഞ ഒന്നര വര്‍ഷത്തെ കാലയളവില്‍ കാലത്തിനിടയില്‍ പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരവധി മോഷണങ്ങള്‍ നടന്നുവെങ്കിലും ഒന്നില്‍ പോലും പ്രതികളെ പിടിക്കാന്‍ സാധിച്ചിട്ടില്ല.

കോവിഡ് കാലത്ത് രണ്ട് ക്ഷേത്രക്കവര്‍ച്ചകളും ഒരു വീട് കുത്തിത്തുറന്ന് കവര്‍ച്ചയും ഉള്‍പ്പെടെ നടന്നുവെങ്കിലും പ്രതികള്‍ കാണാമറയത്തുതന്നെയാണ്.

വിളയാങ്കോട്ടെ സദാശിവപുരം ശിവക്ഷേത്രത്തില്‍ 2020 മാര്‍ച്ച് 15 ന് നടന്ന മോഷണത്തില്‍ അഞ്ച് ലക്ഷം രൂപയോളം വിലമതിക്കുന്ന ശീവേലി പഞ്ചലോഹ വിഗ്രഹവും വിഗ്രഹത്തില്‍ ചാര്‍ത്തുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു.

മോഷ്ടാക്കള്‍ ഇതര സംസ്ഥാന തൊഴിലാളികളാണെന്ന് തിരിച്ചറിഞ്ഞുവെങ്കിലും ബംഗാളില്‍ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ താമസിക്കുന്ന മോഷ്ടാക്കളെ പിടികൂടാന്‍ ലോക്ഡൗണ്‍ കാരണം സാധിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

കോവിഡ് മാറിയിട്ടും പോലീസ് അന്വേഷണം ഒന്നുമായില്ല. കഴിഞ്ഞ വര്‍ഷം ജൂണ്‍ ആറിനാണ് നരീക്കാംവള്ളി പഴിച്ചിയിലെ ആനപ്പള്ളി വീട്ടില്‍ ഷാജിനമ്പ്യാരുടെ വീട്ടില്‍ നിന്ന് പന്ത്രണ്ടര പവന്‍ സ്വര്‍ണവും 30,000 രൂപയും വെള്ളിനാണയങ്ങളും രണ്ട് കാമറകളും കവര്‍ച്ച ചെയ്തത്.

കവര്‍ച്ച നടത്തിയ മോഷ്ടാക്കള്‍ വീടിനും വലിയ നാശനഷ്ടങ്ങളാണ് വരുത്തിയത്. മുന്‍വശത്തേത് ഉള്‍പ്പെടെ അഞ്ച് വാതിലുകള്‍ പൂര്‍ണമായി തകര്‍ത്തിരുന്നു.

കൂടാതെ നാല് ബെഡ്‌റൂമുകളിലേയും അലമാരകളും തകര്‍ത്ത സംഘം നാലേകാല്‍ ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപ വിലവരുന്ന കാമറകളും നൂറിലേറെ വെള്ളിനാണയങ്ങളും ഉള്‍പ്പെടെ ആറര ലക്ഷം രൂപയുടെ സാധനങ്ങളാണ് കൊണ്ടുപോയത്.

ഏതാണ്ട് നാലുലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമാണ് വീടിന് സംഭവിച്ചത്. ഉദ്ദേശം പത്തരലക്ഷം രൂപയുടെ നഷ്ടമാണ് വീട്ടുകാര്‍ക്കുണ്ടായത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്‍പതിനാണ് കൈതപ്രം തൃക്കുറ്റ്യേരി കൈലാസനാഥക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്.

ശ്രീകോവിലിന്റെയും ഓഫീസിന്റേയും പൂട്ട് തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് നാല് ഭണ്ഡാരങ്ങള്‍ തകര്‍ക്കുകയും മറ്റൊരു ഭണ്ഡാരം എടുത്തുകൊണ്ടുപോകുകയും ചെയ്തിരുന്നു.

നേരത്തെ നിരവധി തവണ കവര്‍ച്ച നടന്നിട്ടുള്ള ക്ഷേത്രത്തില്‍ സ്ഥാപിച്ചിരുന്ന സി സി ടിവി കാമറ തകര്‍ക്കുകയും ഓഫീസിനകത്ത് വെച്ചിരുന്ന മോണിറ്ററും റിക്കാര്‍ഡ് സിസ്റ്റവും എടുത്തുകൊണ്ടുപോകുകയും ചെയ്തു.

ഭണ്ഡാരവും സി സി ടി വി സംവിധാനവും കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം തൊട്ടടുത്ത കിണറ്റില്‍ നിന്ന് കണ്ടെടുത്തതില്‍ മാത്രം ഒതുങ്ങിയിരിക്കയാണ് കേസന്വേഷണം.