മെഡിക്കല്‍ കോളേജ് സി.സി.യുവിലേക്ക് കടക്കാന്‍ ശ്രമിച്ചയാളെ തടഞ്ഞ സുരക്ഷാ ജീവനക്കാരന് മര്‍ദ്ദനം; പ്രതി അറസ്റ്റില്‍.
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരനെ രോഗിയുടെ ബന്ധു മര്‍ദ്ദിച്ചു.
കാര്‍ഡിയോളജി വിഭാഗത്തിലെ സുരക്ഷാ ജീവനക്കാരന് കുളപ്പുറത്തെ പി.പി.സന്തോഷിനാണ് (50) ഇന്ന്
രാവിലെ ഒന്‍പതരയോടെ മര്‍ദ്ദനമേറ്റത്.
അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പരിചരിക്കുന്ന സി.സി.യുവിലേക്ക് രോഗിയെ കാണാന്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച വാരം സ്വദേശി മുസമ്മില്‍ (43) ആണ് തന്നെ തടഞ്ഞ സന്തോഷിനെ മര്‍ദ്ദിച്ചത്.
മുസമ്മിലിനെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. ഡോക്ടറുടെ പ്രത്യേക അനുമതിയോടെ മാത്രമേ സി.സി.യുവിലേക്ക് കടന്ന് രോഗികളെ കാണാന്‍ അനുവാദം നല്‍കുകയുള്ളൂ.
ഇത് പറഞ്ഞ് മുസമ്മിലിനെ പിന്തിരിപ്പിക്കാന് ശ്രമിച്ചുവെങ്കിലും അയാള്‍ സന്തോഷിനെ മര്‍ദ്ദിക്കുകയായിരുന്നു.
പരിക്കേറ്റ സന്തോഷിന്നെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
മെഡിക്കല്‍ സൂപ്രണ്ടിന്റെ പരാതിയില്‍ മുസമ്മിലിനെതിരെ പോലീസ് കേസെടുത്തു.
സന്തോഷ് തന്നെ മര്‍ദ്ദിച്ചതായി ആരോപിച്ച് മുസമ്മിലും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെങ്കിലും പോലീസ് കേസെടുത്തിട്ടില്ല. കോടതിയില്‍ ഹാജരാക്കിയ മുസമ്മിലിനെ റിമാന്‍ഡ് ചെയ്തു.
ഇയാളുടെ പരാതിയില്‍ പോലീസ് ഇതേ വരെ കേസെടുത്തിട്ടില്ല.
സി.സി.യുവില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യാമാതാവിനെ കാണണമെന്നാവശ്യപ്പെട്ടാണ് മുസമ്മില്‍ സുരക്ഷാ ജീവനക്കാരനുമായി വാക്കേറ്റം നടത്തിയത്.
സംഭവത്തില്‍ സെക്യുരിറ്റി എംപ്ലോയീസ് യൂണിയന്(സി.ഐ.ടി.യു) സെക്രട്ടറി മടപ്പള്ളി ബാലകൃഷ്ണന് പ്രതിഷേധിച്ചു.
പരിയാരം മെഡിക്കല്‍ കോളജ് സെക്യൂരിറ്റി ജീവനക്കാരന് സന്തോഷിനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളജ് സ്റ്റാഫ് യൂണിയന് സെക്യൂരിറ്റി എംപ്ലോയീസ് യൂണിയന്, ക്ലീനിഗ് വര്‍ക്കേഴ്സ്, നഴ്സിങ്ങ് സ്റ്റാഫ് തുടങ്ങിയ സംഘടനകള്‍ കാമ്പസില്‍ പ്രതിഷേധ പ്രകടനം നടത്തി.
തുടര്‍ന്ന് നടന്ന യോഗത്തില്‍ പി.ആര്.ജിജേഷ്, മടപ്പള്ളി ബാലകൃഷ്ണന്, പി.പ്രഭാകരന് എന്നിവര്‍ സംസാരിച്ചു.