പരിയാരം സ്‌ക്വാഡിന് ബാഡ്ജ് ഓഫ് ഓണര്‍: പ്രമാദമായ പരിയാരം കവര്‍ച്ചാക്കേസ് തെളിയിച്ച അന്വേഷണ സംഘാംഗങ്ങള്‍ക്കാണ് ബാഡ്ജ് ഓഫ് ഹോണര്‍ ലഭിച്ചത്
പരിയാരം സ്‌ക്വാഡിന് ബാഡ്ജ് ഓഫ് ഹോണര്‍
പ്രമാദമായ പരിയാരം കവര്‍ച്ചാക്കേസ് തെളിയിച്ച അന്വേഷണ സംഘാംഗങ്ങള്‍ക്കാണ് ബാഡ്ജ് ഓഫ് ഹോണര്‍ ലഭിച്ചത്.
അന്വേഷണ സംഘത്തെ നയിച്ച ഇന്‍സ്‌പെക്ടര്‍ പി. നളിനാക്ഷന്‍, എസ്‌ഐ പി. സി സഞ്ജയ് കുമാര്‍, എഎസ്‌ഐ കെ.പി സെയ്ദ്, എഎസ്‌ഐ ഷിജോ അഗസ്റ്റിന്‍, എഎസ്‌ഐ ചന്ദ്രന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നൗഫല്‍ അഞ്ചില്ലത്ത് എന്നിവര്‍ക്കാണ് ബാഡ്ജ് ഓഫ് ഓണര്‍ ലഭിച്ചത്.
പരിയാരം കവര്‍ച്ച അന്വേഷണം
പരിയാരം കവര്‍ച്ചാക്കേസ് പ്രതികളെ ഒന്നിനുപിറകെ ഒന്നായി കീഴടക്കിയത് പരിയാരം പോലീസ് സ്‌ക്വാഡ് വിശ്രമമില്ലാതെയുള്ള കഠിന പരിശ്രമത്തിലൂടെയാണ്.ഒക്ടോബര്‍ 19-നാണ് പരിയാരം ചിതപ്പിലെ പൊയിലിലെ ഡോ. ഷക്കീര്‍, ഡോ. ഫര്‍സീന ദമ്പതിമാരുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. അന്നേദിവസം ഇവര്‍ എറണാകുളത്ത് പോയിരുന്നു. രാത്രി വീട്ടിലെത്തിയ കവര്‍ച്ച സംഘം ജനലഴികള്‍ മുറിച്ച് അകത്തുകടന്ന് ഫര്‍സീനയുടെ മാതൃസഹോദരിയായ വയോധികയെ ഭീഷണിപ്പെടുത്തി പത്ത് പവനും പണവും കവര്‍ന്നത്.രാവിലെ വീട്ടുജോലിക്കാരി വന്നപ്പോഴാണ് കവര്‍ച്ച വിവരം പുറത്തറിയുന്നത്.തെളിവുകളൊന്നും ബാക്കിവെക്കാതെയുള്ള കവര്‍ച്ചയായിരുന്നു.
സി.സി.ടി.വി. തുണികൊണ്ട് മറക്കുകയും ഇതിന്റെ ഡി.വി.ആര്‍. കൊണ്ടുപോകുകയും ചെയ്തിരുന്നു. വിരലടയാളമോ മറ്റ് തെളിവുകളൊ ഇല്ലാത്ത കേസില്‍ ഏത് സംഘമാണ് കവര്‍ച്ച നടത്തിയത് എന്നറിയാന്‍ അന്വേഷണസംഘം കിണഞ്ഞുപരിശ്രമിച്ചു. മികച്ച കുറ്റാന്വേഷകനെന്ന് പേരെടുത്ത പി. നളിനാക്ഷന്‍ പരിയാരം എസ്.എച്ച്.ഒ.യായി ചുമതലയേറ്റതോടെയാണ് അന്വേഷണത്തിന് വേഗം കൈവന്നു.നിരവധി സി.സി.ടി.വി.കള്‍ പരിശോധിച്ചതില്‍നിന്ന് സംശയാസ്പദമായ കാര്‍ കണ്ടെത്തുകയും ഇതിന്റെ നമ്പര്‍ വ്യാജമാണെന്ന് മനസ്സിലാക്കുകയുംചെയ്തു.
വിവിധ സ്ഥലങ്ങളിലെ സി.സി.ടി.വി. ദ്യശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ വാഹനം പരിയാരം-കാഞ്ഞങ്ങാട്-ചെര്‍ക്കള വഴി കര്‍ണാടകയിലേക്ക് പോയതായും കുശാല്‍നഗറില്‍ എത്തിയതായും മനസ്സിലായി. തുടര്‍ന്ന് കുശാല്‍നഗറിനടുത്തുള്ള ശുണ്ടിക്കൊപ്പയിലെ ഹോട്ടലില്‍നിന്ന് കവര്‍ച്ച സംഘങ്ങളുടെ വ്യക്തമായ ദൃശ്യങ്ങളും കിട്ടി. ഇവിടെവെച്ച് അവര്‍ ഫോണ്‍ ഓണ്‍ചെയ്തതായി മനസ്സിലായി. ഇതിലൂടെ കവര്‍ച്ച നടത്തിയത് കുപ്രസിദ്ധ മോഷ്ടാവ് സുള്ളന്‍ സുരേഷും സംഘവുമാണെന്ന് മനസിലാക്കി.
തുടര്‍ന്ന് ഓരോ പ്രതികളെയായി പോലീസ് തമിഴ്‌നാട്ടില്‍ നിന്ന് പിടികൂടുകയായിരുന്നു.ഒടുവില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി സുള്ളന്‍ സുരേഷിന് പുറമേ സഹായി അബു എന്ന ഷെയ്ക്ക് അബ്ദുള്ളയും തമിഴ്‌നാട്ടില്‍ നിന്ന് സാഹസിതമായി പിടികൂടുകയായിരുന്നു.ഇവരെ കണ്ടെത്താന്‍ ശാസ്ത്രീയമായ അന്വേഷണവും സഹായകമായി.അന്നത്തെ കണ്ണൂര്‍ സൈബര്‍ സെല്‍ എസ്.ഐ. യദുകൃഷ്ണനും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിജേഷ് കുയിലൂരും ശാസ്ത്രീയമായ അന്വേഷണത്തിന് ഏറെ പിന്തുണ നല്‍കിയത്.മോഷണമുതലുകളില്‍ എട്ടുപവന്‍ സ്വര്‍ണവും മോഷ്ടാക്കള്‍ ഉപയോഗിച്ച വാഹനവും അന്വേഷണസംഘം കണ്ടെടുത്തിരുന്നു.
സിഐ പി. നളിനാക്ഷന്‍, എസ്‌ഐ സഞ്ജയ് കുമാര്‍,എഎസ്‌ഐ സയ്യിദ്, എഎസ്‌ഐ ഷിജോ അഗസ്റ്റിന്‍,എഎസ് ഐ ചന്ദ്രന്‍, അഷറഫ്, നൗഫല്‍ അഞ്ചില്ലത്ത്, രജീഷ് പുഴയില്‍, വനിതാ സിപി ഒ സൗമ്യ എന്നിവരുമായിരുന്നു അന്വേഷണ സംഘാഗങ്ങള്‍.
