പഞ്ചായത്ത് ഭരണം ആര്‍ക്കുവേണ്ടിയാണ്-യാത്രക്കാരുടെ ഈ ദുരിതം ആരെങ്കിലുമൊന്ന് കാണുമോ?

പരിയാരം: ദേശീയപാത വികസനത്തിനായി ബസ്റ്റാന്റ് ഉള്‍പ്പെടെ പൊളിച്ചതോടെ പിലാത്തറയില്‍ യാത്രക്കാര്‍ പെരുവഴിയിലായി.

‘ബസ്‌ബേ’ മാത്രമായ ഇവിടെ യാത്രക്കാര്‍ അനുഭവിക്കുന്ന യാതന അതികഠിനം.

ബസ് കാത്ത് നില്‍ക്കുന്നവര്‍ പൊരിവെയിലും പൊടിശല്യവും
കൊണ്ട് വീര്‍പ്പ് മുട്ടുകയാണ്.

പ്രായമായവര്‍ക്കടക്കം തലചുറ്റിയാല്‍ ഒന്നിരിക്കാന്‍, ഒരു നിമിഷം ക്ഷീണം തീര്‍ക്കാന്‍, ഒരു ഇടമില്ലാത്ത അവസ്ഥയാണിവിടെ.

മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പിലാത്തറയില്‍ ബസ് സ്റ്റാന്റും അതോടൊപ്പം വ്യാപാര സമുച്ചയവും തുറന്നത്.

പഞ്ചായത്ത് അധീനതയിലുണ്ടായിരുന്ന ഈ വ്യാപാര സമുച്ചയമാണ് പൊളിച്ച് മാറ്റേണ്ടി വന്നത്.

ഈ കെട്ടിടത്തിന് ഇരുഭാഗത്തും റോഡിനും ബസ് സ്റ്റാന്റിനും അഭിമുഖമായി നീണ്ട വരാന്തയും ബസ് കാത്ത് നില്‍ക്കാന്‍ സ്റ്റാന്റിലേക്ക് നീട്ടി ഷീററിട്ട് വെയില്‍ മറച്ച് ഇരിപ്പടവും ഉണ്ടായിരുന്നു.

എല്ലാം പൊളിച്ച് മാറ്റിയതോടെയാണ് യാത്രക്കാര്‍ പെരുവഴിയിലായത്.

തുറന്ന നിലയിലായ ബസ് സ്റ്റാന്റില്‍ തലങ്ങും വിലങ്ങുമായി ഓടുന്ന ബസ്സുകള്‍ക്കിടയില്‍ സ്ഥലമില്ലാതെ തിങ്ങി നില്‍ക്കുന്ന യാത്രക്കാര്‍ അപകട ഭീഷണിയിലുമാണ്.

ശ്രദ്ധയൊന്ന് തെറ്റിയാല്‍ ബസ്സുകളുടെ ചക്രം വന്ന് കയറുന്ന അവസ്ഥയിലാണ് ഇവിടുത്തെ സ്ഥലപരിമിതി.

കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റിയ സ്ഥലങ്ങളില്‍ തല്‍ക്കാലം സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഉപയോഗപ്പെടുത്തുന്നു.

അത്തരത്തില്‍ വാഹനങ്ങള്‍ കയറി ഇറങ്ങുമ്പോള്‍ ഉണ്ടാകുന്ന പൊടിക്കാറ്റ് ബസ് സ്റ്റാന്റിലാകെ ആഞ്ഞടിക്കുന്നു.

ചെമ്മണ്ണില്‍ മൂടുകയാണ് ഇവിടെയെത്തുന്നവര്‍. പുലര്‍ച്ചെ മുതല്‍ രാവേറെ വൈകും വരെ യാത്രക്കാര്‍ നിറയുന്ന ഇവിടെ താല്കാലിക ഷീറ്റും ഇരിപ്പടവും അടിയന്തരമായി നിര്‍മ്മിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

പയ്യന്നൂര്‍-തളിപ്പറമ്പ് ദേശീയ പാതയിലെ പ്രധാന കേന്ദ്രമായ പിലാത്തറയില്‍ മാതമംഗലം മലയോര ഗ്രാമങ്ങളില്‍ നിന്നും

പഴയങ്ങാടി തീരദേശങ്ങളില്‍ നിന്നുമായി ദീര്‍ഘദൂരയാത്രക്കാരടക്കം നൂറ് കണക്കിനാളുകളാണ് നിത്യേന എത്തുന്നത്.