പ്രഖ്യാപിച്ച മാധ്യമപുരസ്‌ക്കാരം വിതരണം ചെയ്യാതെ പെറ്റ്‌സ്റ്റേഷന്‍ അധികൃതര്‍ ഒളിച്ചുകളിക്കുന്നതായി ആക്ഷേപം.

പഴയങ്ങാടി: പ്രഖ്യാപിച്ച മാധ്യമപുരസ്‌ക്കാരം വിതരണം ചെയ്യാതെ പെറ്റ്‌സ്റ്റേഷന്‍ അധികൃതര്‍ ഒളിച്ചുകളിക്കുന്നതായി ആക്ഷേപം.

മാട്ടൂലിലെ പെറ്റ്‌സ്റ്റേഷന്‍ അധികൃതരാണ് 2023 ജനുവരിയില്‍ അരുമമൃഗങ്ങളേക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് അവാര്‍ഡ് നല്‍കാനായി മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും എന്‍ട്രികള്‍ ക്ഷണിച്ചത്.

ഫെബ്രുവരി 20 ന് അവാര്‍ഡുകള്‍ പ്രഖ്യാപിച്ച് വാര്‍ത്താകുറിപ്പുകള്‍ ഇറക്കുകയും ചെയ്തു.

പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും ഇത് സംബന്ധിച്ച ഫോട്ടോകളും വാര്‍ത്തകളും പ്രസിദ്ധീകരിച്ചിരുന്നു.

മൂന്നുപേരെയാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തതെന്നാണ് പെറ്റ് സ്റ്റേഷന്‍ എം.ഡി സാബിര്‍ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നത്.

മാധ്യമം മുന്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ സി.കെ.അബ്ദുല്‍ ജബ്ബാര്‍, കണ്ണൂര്‍ പ്രസ്‌ക്ലബ്ബ് മുന്‍ സെക്രട്ടെറി മട്ടന്നൂര്‍ സുരേന്ദ്രന്‍, റേഡിയോ ഏഷ്യാ നെറ്റ്വര്‍ക്ക് ന്യൂസ് എഡിറ്റര്‍ അനൂപ് കീച്ചേരി എന്നിവരായിരുന്നു ജഡ്ജിംഗ് കമ്മറ്റി അംഗങ്ങള്‍.

ഒന്നാമത്തെ അവാര്‍ഡ് 15,555 രൂപയും രണ്ടാം അവാര്‍ഡ് 5555 രൂപയും മൂന്നാം അവാര്‍ഡ് 3333 രൂപയും പ്രശസ്തി പത്രങ്ങളും അടങ്ങിയതായിരിക്കും എന്നായിരുന്നു പ്രഖ്യാപനം.

2023 ഒക്ടോബറില്‍ പെറ്റ് സ്റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കുമെന്നും വാര്‍ത്താകുറിപ്പില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഒക്ടോബര്‍ കഴിഞ്ഞ് എട്ട് മാസം കഴിഞ്ഞിട്ടും അവാര്‍ഡ് ഇതേവരെ വിതരണം ചെയ്യാന്‍ തയ്യാറായിട്ടില്ല.

അവാര്‍ഡിന് അര്‍ഹരായവര്‍ ഇക്കാര്യത്തില്‍ കടുത്ത പ്രതിഷേധത്തിലാണ്.

അവാര്‍ഡ് വെറും പ്രഖ്യാപനത്തില്‍ ഒതുങ്ങിയോ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.