പിലാത്തറ ബസ് സ്റ്റാന്റ് വ്യാപാര സമുച്ചയം ഓര്‍മ്മയായി-പൊളിച്ച് നിരത്തലില്‍ അപകട ഭീഷണിയും പൊടിശല്യവും
പരിയാരം: ദേശീയപാതയിലെ പ്രധാന ടൗണായ പിലാത്തറയിലെ ബസ് സ്റ്റാന്റ് വ്യാപാര സമുച്ചയം ഓര്‍മ്മയായി.
ചെറുതാഴം പഞ്ചായത്ത് അധീനതയില്‍ മൂന്ന് പതിറ്റാണ്ട് മുമ്പായി നിര്‍മ്മിച്ച കെട്ടിടങ്ങളാണ് ദേശീയപാതാ വികസനത്തിനായി പൊളിച്ച് മാറ്റുന്നത്.
നൂറു കണക്കിന് ബസ്സുകളും ആയിരക്കണക്കിന് യാത്രക്കാരും നിത്യേന എത്തിച്ചേരുന്ന ഈ ബസ് സ്റ്റാന്റ് മംഗലാപുരം- കോഴിക്കോട് ദേശീയപാത വഴിയുള്ള യാത്രക്കാര്‍ക്ക് പരിചിതമാണ്.
പ്രധാന രാഷ്ടീയ പാര്‍ട്ടികളുടെ സംസ്ഥാന തല മാര്‍ച്ചുകള്‍ക്കും പൊതുസമ്മേളനങ്ങള്‍ക്കും ഈ സ്റ്റാന്റ് പരിസരം വേദിയായിരുന്നു.
മാതമംഗലം മലയോര പ്രദേശത്തുകാര്‍ക്കും പഴയങ്ങാടി തീരദേശ നിവാസികള്‍ക്കും എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന ദേശീയപാതയിലെ പ്രധാന ജംഗ്ഷനായ പിലാത്തറയിലെ ബസ് സ്റ്റാന്റ് നിരവധി പഞ്ചായത്തുകളിലെ യാത്രക്കാര്‍ എത്തുന്ന സ്ഥലമാണ്.
ബസ് സ്റ്റാന്റില്‍ ബസ്സുകള്‍ കയറിയിറങ്ങുകയും വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള നൂറ് കണക്കിന് യാത്രക്കാര്‍ തമ്പടിക്കുകയും ചെയ്യുന്ന സമയങ്ങളില്‍ നടക്കുന്ന കെട്ടിടം പൊളിച്ച് മാറ്റല്‍ അപകട ഭീഷണിയുണ്ടാക്കുന്നു.
ജെ.സി.ബി.അടക്കമുള്ള യന്ത്രസഹായത്താല്‍ ഭീകര ശബ്ദത്തോടയാണ് കോണ്‍ക്രീറ്റുകള്‍ തകര്‍ക്കുന്നത്.
ഇതു മൂലം ബസ് സ്റ്റാന്റും ടൗണും പൊടിശല്യത്തില്‍ വീര്‍പ്പ് മുട്ടുകയാണ്.
വ്യാപാര കേന്ദ്രങ്ങള്‍ പൊളിക്കുകയും കടവരാന്തകള്‍ ഇല്ലാതാകുകയും ചെയ്തതോടെ പൊരിവെയിലത്താണ് യാത്രക്കാര്‍ക്ക് നില്‍ക്കേണ്ടി വരുന്നത്.