പ്ലാസ്റ്റിക്ക് സംസ്‌ക്കരണം-കുറുമാത്തൂര്‍ മാതൃക.

തളിപ്പറമ്പ്: പ്ലാസ്റ്റിക്ക് സംഭരണ കേന്ദ്രത്തില്‍ നിന്നും മാലിന്യങ്ങള്‍ പുറത്തേക്കിറങ്ങുന്നു.

കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച പ്ലാസ്റ്റിക്ക് സംഭരണ കേന്ദത്തിന്റെ ഇപ്പോഴത്തെ അവസ്ഥയാണിത്.

പഴയ ഐ.ടി.ഐ കെട്ടിടത്തിന് സമീപം നേരത്തെ നാട്ടുകാരുടെ പ്രതിഷേധം വകവെക്കാതെ സ്ഥാപിച്ച ഈ കെട്ടിടം പൂട്ടിയിട്ട ശേഷം പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പുറത്ത് തള്ളപ്പെടുകയാണ്.

കുടുംബശ്രീ പ്രവര്‍ത്തകര്‍ വീടുകളില്‍ നിന്ന് 50 രൂപയും കടകളില്‍ നിന്നം പ്രതിമാസം 100 രൂപയും വാങ്ങി ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പൂട്ടിയിട്ട കെട്ടിടത്തിന്റെ മുറ്റത്ത് അലക്ഷ്യമായി തള്ളുകയാണിപ്പോള്‍.

ജനവാസ കേന്ദ്രമായ ഈ പ്രദേശത്ത് പ്ലാസ്റ്റിക്ക് മാലിന്യം സംസ്‌ക്കരിക്കാന്‍ വേണ്ടി സ്ഥാപിച്ച കെട്ടിടം പ്രദേശവാസികളുടെ എതിര്‍പ്പ് കാരണമാണ് ഉദ്ഘാടനം ചെയ്യാതിരുന്നത്. അവിടെയാണിപ്പോള്‍ പ്ലാസ്റ്റിക്ക് കൂട്ടിയിടുന്നത്.

മഴയില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളില്‍ നിന്നും വെള്ളം ഒഴുകി സമീപത്തെ വീട്ടുപറമ്പുകളിലേക്ക് എത്തുന്നതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും പഞ്ചായത്ത് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നതായാണ് ആക്ഷേപം.

മാലിന്യങ്ങള്‍ അലക്ഷ്യമായി കൂട്ടിയിട്ടതിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് സമീപവാസികള്‍.