പോക്‌സോ– സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടെറി അറസ്റ്റില്‍.

പരിയാരം: പോക്‌സോ പ്രകാരം കേസെടുത്ത സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടെറി അറസ്റ്റില്‍.

ചെറുതാഴം ഹനുമരമ്പലത്തിലെ ജീവനക്കാരനും സിപിഎം കല്ലംവള്ളി മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കരയടത്ത് വീട്ടില്‍ മധുസൂദനനെയാണ് (43) ഇന്ന് വൈകുന്നേരം പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ വെച്ച് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്.

അസുഖം എന്ന പേരില്‍ ഇവിടെ അഡ്മിറ്റായി ഒളിവില്‍ കഴിയുകയായിരുന്നു.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

രണ്ടാഴ്ച്ച മുമ്പാണ് ഇയാള്‍ പെണ്‍കുട്ടിയെ പല തവണകളായി ലൈംഗീകാതിക്രമത്തിന് ശ്രമിച്ചത്.

പയ്യന്നൂര്‍ സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

കുട്ടി അമ്മയോട് വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അമ്മ സ്‌കൂളിലെത്തി ക്ലാസ് അധ്യാപികയോട് വിവരമറിയിക്കുകയും തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പയ്യന്നൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മെല്‍ബിന്‍ ജോസിന് പരാതി നല്‍കുകയായിരുന്നു.

പരാതി പരിശോധിച്ച ഇന്‍സ്‌പെക്ടര്‍ സംഭവം നടന്നത് പരിയാരം സ്റ്റേഷന്‍ പരിധിയിലായതിനാല്‍ പരാതി പരിയാരം സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.

പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പരിയാരം പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.

ഒളിവില്‍ പോയ ഇയാളെ കുറിച്ച് ദിവസങ്ങള്‍ക്ക് മുമ്പേ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും സി പി എം മാറ്റിയത്.

ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയതോടെ ഇയാളുടെ സ്വഭാവ ദൂഷ്യത്തെപ്പറ്റിയുള്ള മറ്റു ചില പരാതികളും പ്രദേശത്ത് ചര്‍ച്ചയായിട്ടുണ്ട്.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.