സഹോദരങ്ങള്‍ക്ക് പ്രകൃതി വിരുദ്ധ പീഡനം-പ്രതിക്ക് ജീവപര്യന്തത്തിന് പുറമെ 41 വര്‍ഷം തടവും ഒന്നരലക്ഷം പിഴയും ശിക്ഷ.

തളിപ്പറമ്പ്: കളിച്ചുകൊണ്ടിരുന്ന സഹോദരങ്ങളായ കുട്ടികളെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി ക്രൂരമായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യ യുവാവിന് രണ്ട് കേസുകളിലായി ജീവപര്യന്തവും വിവിധ വകുപ്പുകളിലായി 41 വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

പെരിങ്ങോം കാഞ്ഞിരപൊയിലിലെ അടുക്കാടന്‍ വീട്ടില്‍ എ.വിശ്വനാഥിനാണ്(40) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.മുജീബ് റഹ്‌മാന്‍ ശിക്ഷിച്ചത്.

2016 സെപ്തംബര്‍ 11 ന് വൈകുന്നേരം 3.30 നായിരുന്നു സംഭവം. കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ വീടിന് സമീപത്തെ തോട്ടിന്റെ കരയില്‍ കൂട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം പിടിച്ചുവലിക്കുകയും ഞെരടുകയും ചെയ്തശേഷം ഇരുവരേയും ക്രൂരമായി പ്രകൃതിവിരുദ്ധത്തിന് ഇരയാക്കുകയും ചെയ്തു.

പുറത്തുപറഞ്ഞാല്‍ കണ്ണുപൊട്ടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. 9, 7 പ്രായമുള്ള സഹോദരങ്ങളെയാണ് പീഡിപ്പിച്ചത്.

രണ്ട് കേസുകളിലും വിവിധ വകുപ്പുകളിലായിട്ടാണ് ശിക്ഷ. അന്നത്തെ പെരിങ്ങോം എസ്.ഐമാരായിരുന്ന കെ.വി.നിഷിത്ത്, മഹേഷ് കെ.നായര്‍ എന്നിവരാണ് അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്.

പ്രോസിക്യൂഷന് വേണ്ടി അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.