കപ്പച്ചേരി സ്തൂപത്തിന് മുന്നിലെ സി.പി.എം പതാകയും തോരണങ്ങളും പോലീസ് എടുത്തുമാറ്റി.

തളിപ്പറമ്പ്: വിഷു ദിനത്തില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള നീക്കം പോലീസ് ഒഴിവാക്കി.

പരേതനായ കോണ്‍ഗ്രസ് നേതാവ് കപ്പച്ചേരി നാരായണന്റെ സ്തൂപത്തിന് മുന്നില്‍ സി.പി.എം ഉയര്‍ത്തിയ കൊടി തോരണങ്ങള്‍ തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് നീക്കം ചെയ്തു.

ഇന്ന് രാവിലെയാണ് സ്മാരകസ്തൂപം മറച്ചുകൊണ്ട് സി.പി.എം പതാക ഉയര്‍ത്തുകയും ചുവപ്പു തോരണങ്ങള്‍ കെട്ടുകയും ചെയ്തത്.

ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സി.പി.എം നേതാക്കളെ വിളിച്ചുവരുത്തി സംസാരിച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളുടെ മുള്ളൂലിലെ ഓഫീസിന് സമീപം കൊടി ഉയര്‍ത്തിയതായി നേതാക്കള്‍ ആരോപിച്ചു.

എങ്കില്‍ രണ്ടും നീക്കം ചെയ്യണമെന്ന കര്‍ശന നിലപാടാണ് പോലീസ് സ്വീകരിച്ചത്.

വിഷുദിനത്തില്‍ ഒരു തരത്തിലുള്ള സംഘര്‍ഷങ്ങളും അനുവദിക്കില്ലെന്ന് എസ്.ഐ യദുകൃഷ്ണന്‍ ഇരുവിഭാഗത്തേയും അറിയിച്ചു.

ഇരു പാര്‍ട്ടികളും സ്വയം കൊടികള്‍ നീക്കിയില്ലെങ്കില്‍ പോലീസ് നീക്കം ചെയ്യുമെന്ന മുന്നറിയിപ്പും നല്‍കി.

എന്നാല്‍ ഇരുവിഭാഗവും അതിന് തയ്യാറാകാതിരുന്നതോടെ വൈകുന്നേരം എസ്.ഐയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പോലീസ് കൊടികളും തോരണങ്ങളും നീക്കം ചെയ്തു.

പട്ടുവത്ത് സി.പി.എം ആധിപത്യത്തിനെതിരെ ചെറുത്തുനില്‍പ്പ് നടത്തുകയും ഏറെക്കാലം സി.പി.എമ്മുമായി കൊമ്പുകോര്‍ക്കുകയും ചെയ്ത നേതാവാണ് കപ്പച്ചേരി നാരായണന്‍.

കോണ്‍ഗ്രസ് ഉടമസ്ഥതയിലുള്ള കപ്പച്ചേരി നാരായണന്‍ സ്മാരക മന്ദിരത്തിന് സമീപത്ത് നിര്‍മ്മിച്ച സ്തൂപത്തിന് മുന്നിലാണ് സി.പി.എം പ്രവര്‍ത്തകര്‍ കൊടി ഉയര്‍ത്തിയത്.

ഇത് മന:പൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കപ്പച്ചേരി നാരായണന്റെ മകനും ഡി.സി.സി ജന.സെക്രട്ടെറിയുമായ അഡ്വ.രാജീവന്‍ കപ്പച്ചേരി ആരോപിച്ചിരുന്നു.

ഒരു കാരണവശാലും സംഘര്‍ഷം അനുവദിക്കരുതെന്ന് പോലീസിന് ഉന്നത നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് നിലപാട് കര്‍ക്കശമാക്കിയത്.