യഹോവസാക്ഷികളുടെ ത്രിദിന സമ്മേളനം ആരംഭിച്ചത് കനത്ത പോലീസ് കാവലില്‍

തളിപ്പറമ്പ്: യഹോവസാക്ഷികളുടെ ത്രിദിന സമ്മേളനത്തിന് പോലീസിന്റെ കര്‍ശന പരിശോധന.

പുഷ്പഗിരിയിലെ ബാബില്‍ഗ്രീന്‍സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ന് രാവിലെയാണ് പരിപാടി ആരംഭിച്ചത്.

കഴിഞ്ഞ വര്‍ഷം ഇതേ സമയത്താണ് എറണാകുളത്ത് യഹോവസാക്ഷികളുടെ സമ്മേളനത്തില്‍ സ്‌ഫോടനം നടന്ന് നിരവധിപേര്‍ മരിച്ചത്.

ഇതേ തുടര്‍ന്നാണ് കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ 1800 പേര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ പോലീസ് കര്‍ശനമായ സുരക്ഷാ പരിശോധന നടത്തിയത്.

രാവിലെ 7 മുതല്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന ആരംഭിച്ചു.

പങ്കെടുക്കുന്ന എല്ലാവരേയും പ്രത്യേകം പ്രത്യേകം പരിശോധന നടത്തിയാണ് ഹാളിനുള്ളിലേക്ക് കടത്തിയത്.

ഇന്‍സ്‌പെക്ടര്‍ ഷാജി പട്ടേരി, എസ്.ഐ ദിനേശന്‍ കൊതേരി എന്നിവരുള്‍പ്പെട്ട പോലീസ് സംഘവും കണ്ണൂര്‍ റൂറലിന് കീഴിലെ ബോംബ് സ്‌ക്വാഡ് അംഗങ്ങളും പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.

സമ്മേളനം നടക്കുന്ന ഹാളിന് പുറത്തും പോലീസ് കാവലുണ്ട്.

എറണാകുളം സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പഴുതടച്ച സുരക്ഷ ഏര്‍പ്പെടുത്താന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

യഹോവസാക്ഷികളുടെ സമ്മേളന സംഘാടകര്‍ക്ക് പരിചയമില്ലാത്ത ആരെയും ഹാളിലേക്ക് കടത്തിവിടുന്നില്ല.

സമ്മേളനം തീരുന്ന ഞായറാഴ്ച്ച വരെ പോലീസ് സാന്നിധ്യവും പരിശോധനകളും തുടരും.