പൂക്കോത്ത്‌തെരുവില്‍ കുടുംബാധിപത്യം തകര്‍ത്ത ആദ്യത്തെ തെരഞ്ഞെടുപ്പ്-വിജയം കോണ്‍ഗ്രസിന് തന്നെ.

തളിപ്പറമ്പ് നഗരസഭയില്‍ കോണ്‍ഗ്രസിന് ഷുവര്‍ സീറ്റ് എന്ന് പറയാവുന്ന ഏക വാര്‍ഡാണ് നമ്പര്‍ 31-പൂക്കോത്ത്‌തെരുവ്.

1995 ല്‍ തളിപ്പറമ്പ് നഗരസഭ നിലവില്‍ വന്നതിന് ശേഷം ഇവിടെ കോണ്‍ഗ്രസ് അല്ലാതെ മറ്റൊരു പാര്‍ട്ടിയും വിജയിച്ചിട്ടില്ല.

വിജയമാവട്ടെ ഭേദപ്പെട്ട ഭൂരിപക്ഷത്തിനുമാണ്.

ഇത്തവണ 921 വോട്ടുകളാണ് വാര്‍ഡില്‍ ഉണ്ടായിരുന്നത്.

ഇതില്‍ 11 പേരെ ഒഴിവാക്കിയിട്ടുണ്ട്.

മൂന്നുപേര്‍ പ്രവാസി വോട്ടര്‍മാരാണ്.

ഇതടക്കം ആകെ 910 വോട്ടര്‍മാരാണ് പുതുക്കിയ പട്ടികയിലുള്ളത്.

ഇത്തവണ ഒരു സ്വതന്ത്രനടക്കം നാല് വോട്ടര്‍മാരാണ് ഈ വാര്‍ഡില്‍ ജനവിധി തേടുന്നത്.

ബി.ജെ.പിയുടെ മന്ദോട്ടി മോഹനന്‍(60), യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിന്റെ രൂപേഷ് കുട്ടുവന്‍(44), സി.പി.എമ്മിലെ പി.എന്‍.സുലേഖ(49), സ്വതന്ത്രനായ പി.രൂപേഷ് (42)എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.

1995 ല്‍ തളിപ്പറമ്പ് നഗരസഭ നിലവില്‍ വന്നതിന് ശേഷം
ഒരു കുടുംബത്തിന്റെ ആധിപത്യമാണ് വാര്‍ഡില്‍ ഉണ്ടായിരുന്നത്.

കെ.രമേശനും ഭാര്യ കെ.നിഷയുമാണ് കഴിഞ്ഞ 30 വര്‍ഷം കൗണ്‍സിലര്‍മാരായിരുന്നത്.

ഇത്തവണയും കെ.രമേശന്‍ മല്‍സരമോഹവുമായി രംഗത്തുവന്നിരുന്നുവെങ്കിലും എതിര്‍പ്പുകള്‍ രൂക്ഷമായതിനെ തുടര്‍ന്ന് മാന്തംകുണ്ടിലേക്ക് മാറുകയായിരുന്നു.

കോണ്‍ഗ്രസില്‍ നിന്ന് മാവില പത്മനാഭനും പി.സോമനും സജീവമായി മല്‍സര രംഗത്തേക്ക് ഇറങ്ങിയിരുന്നു.

ഇതോടെയാണ് രമേശന്‍ മല്‍സര രംഗം മാന്തംകുണ്ടിലേക്ക് മാറ്റി വിശ്വസ്തനായ സഹചാരി രൂപേഷ് കുട്ടുവനെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയത്.

പത്മശാലിയ സമുദായത്തിന് മേല്‍ക്കൈയുള്ള ഇവിടെ ഏകദേശം 470 വോട്ടുകളാണ് ഈ വിഭാഗത്തിനുള്ളത്.

ബാക്കി വോട്ടര്‍മാരില്‍ ഭൂരിഭാഗവും കോണ്‍ഗ്രസ് അനുഭാവികളാണ്. അതുകൊണ്ടുതന്നെ രൂപേക്ഷ് കുട്ടുവന്റെ വിജയത്തില്‍ ആര്‍ക്കും തന്നെ ആശങ്കയില്ല.

ഭൂരിപക്ഷം എത്രയുണ്ടാവും എന്നത് മാത്രമാണ് ഡിസംബര്‍-13 ന് അറിയാനിരിക്കുന്നത്.

ബി.ജെ.പിയാണ് പൂക്കോത്ത് തെരുവിലെ രണ്ടാമത്തെ പ്രധാന കക്ഷിയെങ്കിലും പത്മശാലിയ സമുദായത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുകയറാന്‍ അവര്‍ക്ക് ഇതേവരെ സാധിച്ചിട്ടില്ലെന്നതാണ് ഇവരുടെ പ്രധാന പ്രശ്‌നം.

സി.പി.എമ്മിന് ഇവിടെ കാര്യമായ സ്വാധീനമൊന്നുമില്ലെങ്കിലും വനിത സ്ഥാനാര്‍ത്ഥിയെന്ന നിലയിലും സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് മിഷനറിയുടെ സ്വാധീനവും കാരണം പി.എന്‍.സുലേഖ കൂടുതല്‍ വോട്ടുകള്‍ നേടാനിടയുണ്ട്.

സ്വതന്ത്രനായ പി.രൂപേഷ് ബി.ജെ.പി അനുഭാവിയാണെന്നും അപരനെ നിര്‍ത്തി വോട്ടുകള്‍ നേടാനാവുമോ എന്ന പരീക്ഷണം മാത്രമാണെന്നും കോണ്‍ഗ്രസ് പറയുന്നു.

കുടുംബാധിപത്യത്തെ തകര്‍ത്ത് പുതിയ ഒരുസ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കാന്‍ സാധിച്ചത് കോണ്‍ഗ്രസിന് കൂടുതല്‍ നേട്ടമാവാന്‍ സാധ്യതകള്‍ ഏറെയാണ്.