കുതിരകള്‍ ഇന്ന് നഗരത്തിലിറങ്ങും–വൈകുന്നേരം മൂന്നിന്
തളിപ്പറമ്പ്: പൂക്കോത്ത് തെരു പൂക്കോത്ത് കൊട്ടാരത്തില്‍ പൂര മഹോത്സവത്തിന് സമാപനം കുറിച്ച് ഇന്ന് ( വ്യാഴാഴ്ച) ഉച്ചക്ക് 3 മണിക്ക് കുതിരവലി എന്ന അശ്വരഥോത്സവം നടക്കും.
രാവിലെ 9 മണിക്ക് പൂരക്കളിയുടെ സമാപനം കുറിച്ചുള്ള ‘ കാമന്പാട്ടി’ ന് ശേഷം കൊട്ടാരത്തില്‍ നിന്നും രണ്ട് അശ്വരഥങ്ങളെ പുറത്തേക്കിറക്കും.
പൂക്കോത്ത് കൊട്ടാരവുമായി ബന്ധപ്പെട്ട തോലന് തറവാട്, ആലിങ്കീല്‍ തറവാട് എന്നിവിടങ്ങളിലെ കുഞ്ഞാര്‍ കുറത്തിയമ്മ ദേവസ്ഥാനങ്ങളില്‍ അശ്വരഥങ്ങളെ എത്തിക്കും.
തറവാടു സ്ഥാനങ്ങളില്‍ അലങ്കരിച്ച് നിര്‍ത്തുന്ന അശ്വരഥങ്ങളെ രഥോത്സവം തുടങ്ങുന്നതിനു മുമ്പ് പൂക്കോത്ത് കൊട്ടാരത്തില്‍ നിന്നും വാദ്യമേളങ്ങളോടുകൂടി എഴുന്നള്ളുന്ന കോമരങ്ങള്‍ കലശമാടും.
തോലന് തറവാട്ടില്‍ ഭദ്രകാളി സങ്കല്പത്തില് ചുവപ്പും, ആലിങ്കീല്‍ തറവാട്ടില്‍ ശിവസങ്കല്പത്തില് പച്ചയും നിറങ്ങളോടുകൂടിയ അശ്വരഥങ്ങളെ കോമരങ്ങള്‍ കലശമാടിയ ശേഷം തറവാട്ടംഗങ്ങള്‍ അരിയെറിഞ്ഞ് യാത്രയയക്കും.
ഈ ചടങ്ങുകള്‍ക്ക് ശേഷം സമുദായാംഗങ്ങള്‍ പാശങ്ങള്‍ കൊണ്ട് വലിച്ച് അശ്വരഥങ്ങളെ കൊട്ടരത്തില്‍ സമര്‍പ്പിക്കും.
കൊട്ടാരത്തില്‍ നിന്നും പുറപ്പെടുന്ന തിരുവായുധം എഴുന്നള്ളത്തിന് മുന്നിലായി രണ്ട് അശ്വരഥങ്ങളെയും നഗര പ്രദക്ഷിണം നടത്തിക്കും.
പണ്ട് പൂക്കോത്ത് ഇല്ലത്തിന്റെ അധീനതയിലായിരുന്നു പൂക്കോത്ത് കൊട്ടാരം. പൂക്കോത്ത് ഇല്ലത്തെ ശിവ ഭക്തനായ ഒരു ബ്രാഹ്മണ ശ്രേഷ്ഠന് അഭീഷ്ട കാര്യസിദ്ധിക്കായി പരമശിവനെ തപസ് ചെയ്തു.
ഭക്തന്റെ തപസില്‍ സന്തുഷ്ടനായ ശിവന് മൂന്നാം തൃക്കണ്ണില്‍ നിന്നും ജനിച്ച മകള്‍ ഭദ്രകാളിയോടൊപ്പം പ്രത്യക്ഷപ്പെട്ടു.
ശിവന് പച്ച പട്ട് വിരിച്ച കുതിരയുടെ പുറത്തും, മകള്‍ ഭദ്രകാളി ചുവന്ന പട്ട് വിരിച്ച കുതിരയുടെ പുറത്തുമായാണ് പ്രത്യക്ഷപ്പെട്ടത്.
പൂര ദിവസം പൂക്കോത്ത് കൊട്ടാരത്തില്‍ നിന്നും തിരുവായുധം എഴുന്നള്ളത്തിന് മുന്നില്‍ എന്റെയും മകള്‍ ഭദ്രകാളി യുടെയും സങ്കല്പത്തില് പച്ചയും ചുവപ്പും നിറങ്ങളോടുകൂടിയ രണ്ട്
അശ്വരഥങ്ങളെ ഉണ്ടാക്കി ഭക്തിയോടു കൂടി നഗരപ്രദക്ഷിണാര്ത്ഥം എഴുന്നള്ളിച്ചാല്‍ നാടിനും ജനങ്ങള്‍ക്കും അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകുമെന്ന് അനുഗ്രഹിച്ച് ഇരുവരും അപ്രത്യക്ഷമായി.
ഇതുമായി ബന്ധപ്പെട്ടാണ് പൂക്കോത്ത് കൊട്ടാരത്തിലെ പൂര ദിവസം തിരുവായുധം എഴുന്നള്ളത്തിന്റെ മുന്നിലായി അശ്വരഥങ്ങള്‍ നഗരപ്രദക്ഷിണം നടത്തി വരുന്നതിന്റെ ഐതിഹ്യം.