കൊക്കരക്കോയും തകരയും ഇനി ഓര്‍മ്മ- പ്രതാപ് പോത്തന്‍ നിര്യാതനായി.


ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ (70) നിര്യാതനായി.

ചെന്നൈയിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍
കണ്ടെത്തുകയായിരുന്നു.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്.

1952-ല്‍ തിരുവനന്തപുരത്ത് വ്യാപാരി കുടുംബത്തിലാണ് പ്രതാപ് പോത്തന്റെ ജനനം.

നിര്‍മാതാവ് ഹരിപോത്തന്‍ മൂത്ത സഹോദരനാണ്. ഊട്ടിയിലെ ലോറന്‍സ് സ്‌കൂളിലായിരുന്നു പഠനം.

പിന്നീട് മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ബി.എ. സാമ്പത്തിക ശാസ്ത്ര ബിരുദം നേടി.

കോളേജ് കാലഘട്ടത്തില്‍ തന്നെ അഭിനയത്തില്‍ കമ്പമുണ്ടായിരുന്നു. മദ്രാസ് പ്ലയേഴ്‌സിലെ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയമികവ് കണ്ട ഭരതന്‍ തന്റെ ആരവം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അദ്ദേഹത്തെക്ഷണിക്കുകയായിരുന്നു.

അഴിയാത കോലങ്ങള്‍, മധുമലര്‍, കാതല്‍ കഥൈ, നവംബറിന്റെ നഷ്ടം, ഒന്നുമുതല്‍ പൂജ്യം വരെ, തന്മാത്ര, 22 ഫീമെയില്‍ കോട്ടയം തുടങ്ങിയവയടക്കം നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ വേഷമിട്ടു.

മോഹന്‍ലാല്‍ സംവിധാനം ചെയ്ത ബറോസിലാണ് ഏറ്റവുമൊടുവില്‍ അഭിനയിച്ചത്.

ആരവത്തിലെ കൊക്കരക്കോ, തകരയിലെ തകര എന്നിവയാണ് പ്രതാപ് പോത്തന്റെ മികച്ച കഥാപാത്രങ്ങള്‍.

1987 ല്‍ എം.ടി.യുടെ തിരക്കഥയില്‍ ഋതുഭേദം, 1988 ല്‍ ഡെയ്‌സി, 1997 ല്‍ ഒരു യാത്രാമൊഴി തുടങ്ങിയവ അടക്കം മലയാളത്തിലും തമിഴിലും തെലുങ്കിലുമായി 12 സിനിമകള്‍ സംവിധാനം ചെയ്തു.

സൊല്ല തുടിക്കിത് മനസ്സ് എന്ന ചിത്രത്തിനു തിരക്കഥയൊരുക്കി. സിനിമയ്ക്ക് പുറമെ പരസ്യകാലരംഗത്തും സജീവമായിരുന്നു.

പ്രതാപ് പോത്തന്‍. ഗ്രീന്‍ ആപ്പിള്‍ എന്ന പേരിലുള്ള സ്വന്തം പരസ്യ ഏജന്‍സിയുമായി ിരക്കിലായിരുന്നു അദ്ദേഹം.

1985 ല്‍ ചലച്ചിത്രതാരം രാധികയെ വിവാഹം ചെയ്‌തെങ്കിലും അടുത്ത വര്‍ഷം വിവാഹമോചിതനായി.

പിന്നീട് 1990 ല്‍ അമല സത്യനാഥിനെ വിവാഹം ചെയ്തു. 2012 ല്‍ പിരിഞ്ഞു. ഈ ബന്ധത്തില്‍ കേയ എന്ന മകളുണ്ട്.