പി.ടി.തോമസിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ഒന്നരലക്ഷത്തിന്റെ പൂവ്-പ്രതിപക്ഷത്തിന്റെ പ്രതിഷേധം
കൊച്ചി: തൃക്കാക്കര നഗരസഭാ യോഗത്തിലേക്ക് പ്രതിപക്ഷത്തിന്റെ മാര്‍ച്ച്.
പി.ടി. തോമസ് എംഎല്‍എയുടെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചപ്പോള്‍ ഒന്നര ലക്ഷം രൂപയുടെ പൂക്കള്‍ വാങ്ങിയതിനെതിരെ പ്രതിപക്ഷം നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു.
ഇതില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്. തൃക്കാക്കര നഗരസഭയുടെ ഉടമസ്ഥതയിലുള്ള തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലാണ് പി.ടിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത്.
കമ്മ്യൂണിറ്റി ഹാളും മൃതദേഹം വെച്ച മേശയും അലങ്കരിക്കാന്‍ 1,27,000 രൂപയുടെ പൂക്കള്‍ വാങ്ങിയെന്ന കണക്കുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
പൂക്കള്‍ ഉപയോഗിക്കരുതെന്നും ഒരിലപോലും പറിക്കരുതെന്നും അന്ത്യാഭിലാഷത്തില്‍ പറഞ്ഞിരുന്ന പി.ടി. തോമസിനെ അപമാനിക്കുന്ന നടപടിയാണിതെന്നാണ് പ്രതിപക്ഷം പറയുന്നത്.
ഇത്രയും വലിയ തുക ചെലവഴിക്കുമ്പോള്‍ പ്രതിപക്ഷവുമായി ആലോചിക്കാത്തതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം.
ശനിയാഴ്ച നഗരസഭാ കൗണ്‍സില്‍ യോഗം ചേരുമ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധ സൂചകമായി പൂക്കള്‍ കൈയില്‍ പിടിച്ചാണ് യോഗത്തിനെത്തിയത്.