ഒരു പകല്‍ കൂടി കാത്തിരിക്കണം, നേതാക്കളുടെ വാക്ക് മുഖവിലക്കെടുക്കാതിരിക്കാന്‍ കഴിയില്ല’; അയഞ്ഞ് അന്‍വര്‍

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നതില്‍ ഒരു പകല്‍ കൂടി കാത്തിരിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിവി അന്‍വര്‍( pv Anvar).

കോണ്‍സ്രിലെയും യുഡിഎഫിലേയും പ്രധാനപ്പെട്ട നേതാക്കള്‍ ആവശ്യപ്പെട്ട പ്രകാരമാണിതെന്നും അന്‍വര്‍ അറിയിച്ചു.

ഇന്ന് രാവിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്താന്‍ അന്‍വര്‍ വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു.

ആ പ്രഖ്യാപനം ഇപ്പോള്‍ നടത്തുന്നില്ലെന്ന് പറഞ്ഞ അന്‍വര്‍, ‘യുഡിഎഫ് നേതാക്കളും ചില സാമുദായിക നേതാക്കളും ഒരു പകല്‍കൂടി കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളടക്കം കാത്തിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവരൊക്കെ പറയുമ്പോള്‍ ആ വാക്ക് മുഖവിലയ്‌ക്കെടുക്കാതിരിക്കാന്‍ കഴിയില്ല’ എന്നും പറഞ്ഞു.

വാര്‍ത്താ സമ്മേളനം വിളിച്ച് പറയാനിരുന്നത് ഇപ്പോള്‍ പറയുന്നില്ലെന്നും മാന്യമായ പരിഹാരം പ്രതീക്ഷിക്കുന്നുണ്ടെന്നും അന്‍വര്‍ പറഞ്ഞു.

യുഡിഎഫില്‍ ഘടകകക്ഷിയാക്കാതെ ഇനി ചര്‍ച്ചയില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അന്‍വറിന്റെ മുന്നണി ബന്ധത്തില്‍ തീരുമാനമെടുക്കാന്‍ ഇന്ന് യുഡിഎഫിന്റെ നിര്‍ണായക യോഗം ചേരുന്നുണ്ട്.

അന്‍വര്‍ ആദ്യം യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിക്കട്ടെ എന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എടുത്ത സമീപനം.

ഈ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് യുഡിഎഫ്. അന്തിമതീരുമാനമെടുക്കാന്‍ രാത്രി ഏഴു മണിക്കാണ് യുഡിഎഫ് യോഗം ഓണ്‍ലൈനായി ചേരുന്നത്.