പാണപ്പുഴയില്‍ പെരുമ്പാമ്പ് തീറ്റക്കാര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: പെരുമ്പാമ്പിന പിടികൂടി കൊന്ന് കറിവെച്ചുകഴിച്ച രണ്ടുപേര്‍ അറസ്റ്റില്‍.

മാതമംഗലം പാണപ്പുഴ സ്വദേശികളായ മുണ്ടപ്രം ഉറുമ്പില്‍ വീട്ടില്‍ ഒ.കെ.പ്രഭാകരന്റെ മകന്‍ യു.പ്രമോദ് (40), മുണ്ടപ്രം ചന്ദനംചേരി വീട്ടില്‍ സി.ബിനീഷ്(37) എന്നിവരെയാണ് തളിപ്പറമ്പ റെയിഞ്ച് ഓഫിസര്‍ പി . വി സനൂപ് കൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റ്ചെയ്തത്.

റെയിഞ്ച് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സ്‌പെഷ്യല്‍ ഡ്യൂട്ടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.പ്രദീപന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ പി.പി.രാജീവന്‍. എം.വീണ. ഡ്രൈവര്‍ ആര്‍.കെ.രജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ 371-ാം നമ്പര്‍ വീട്ടുപരിസരത്തു വെച്ച് പിടികൂടിയത്.

വന്യജീവി സംരക്ഷണ നിയമം 2022 ഷെഡ്യൂള്‍ 1 ല്‍പ്പെട്ട പെരുമ്പാമ്പിനെ പിടികൂടുന്നതും കൊല്ലുന്നതും കുറ്റകരമാണ്.

പ്രതികളെ ഇന്ന് (11/09/25) പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കും.