ക്വട്ടേഷന്‍ നടപ്പില്‍ വരുത്തിയത് നീലേശ്വക്കാര്‍-എട്ടാംപ്രതി ബാബുവും പോലീസ് വലയിലെന്ന് സൂചന-

പരിയാരം: ശ്രീസ്ഥ ക്വട്ടേഷന്‍ സംഭവത്തില്‍ അറസ്റ്റിലായ പ്രതി അഖില്‍കുമാറിനെ ഇന്ന് വൈകുന്നേരം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

നീലേശ്വരം കൊട്രച്ചാല്‍ സ്വദേശി അഖില്‍കുമാര്‍(22)നെയാണ് ഇന്ന് രാവിലെ പരിയാരം എസ്.ഐ കെ.വി.സതീശനും സംഘവും നീലേശ്വരത്തെ വീട്ടില്‍വെച്ച് പിടികൂടിയത്.

ഇതോടെ കേസില്‍ ഏഴ് പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇനി പിടികിട്ടാനുള്ള പ്രതി ബാബുവും പോലീസ് വലയിലായി സൂചനയുണ്ട്.

ഭര്‍ത്താവിന്റെ സുഹൃത്തിനെ വധിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഇഴയുന്നതായി വിമര്‍ശനം ഉയരുന്നതിനിടയിലാണ് പുതിയ അറസ്റ്റ്.

കഴിഞ്ഞ ആഗസ്ത് ഒന്നിനാണ് ഏറെ വിവാദം സൃഷ്ടിച്ച ഈ കേസില്‍ നാലുപേരെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്.

നീലേശ്വരം സ്വദേശി സുധീഷ്, നെരുവമ്പ്രത്തെ ജിഷ്ണു, അഭിലാഷ് എന്നിവരും ചെറുതാഴം പാലയാട്ടെ രതീശനുമാണ് പിടിയിലായത്.

പിന്നീട് ഇവരെ കസ്റ്റഡില്‍ വാങ്ങി ചേദ്യം ചെയ്തപ്പോഴാണ് നീലേശ്വരത്തെ കൃഷ്ണദാസ് അറസ്റ്റ് ചെയ്യപ്പെട്ടത്.

യഥാര്‍ത്ഥ ക്വട്ടേഷന്‍ നടത്തിയത് സുധീഷ്, കൃഷ്ണദാസ്, അഖില്‍കുമാര്‍, ബാബു എന്നിവരാണെന്നാണ് പോലീസ് പറയുന്നത്.

നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ഇവര്‍ക്ക് ക്വട്ടേഷന്‍ കൈമാറുകയായിരുന്നുവത്രേ. കേസിലെ അഞ്ചാംപ്രതിയായ കേരളാ ബാങ്ക് ഉദ്യോഗസ്ഥ എം.വി.സീമയെ ആഗസ്ത് 14 നാണ് അറസ്റ്റ് ചെയ്തത്. ഇവരിപ്പോള്‍ കണ്ണൂര്‍ വനിതാജയിലില്‍ റിമാന്‍ഡിലാണ്.

മറ്റ് അഞ്ചുപേരും റിമാന്‍ഡില്‍ തുടരുകയാണ്. ഈ കേസിലെ മറ്റ് രണ്ട് പ്രതികളെ പിടികിട്ടാത്തതിനാലാണ് ഇപ്പോള്‍ റിമാന്‍ഡിലുള്ളവര്‍ക്ക് ജാമ്യം ലഭിക്കാത്തതത്രേ.

ആദ്യഘട്ടത്തില്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ച പരിയാരം പോലീസ് സീമയുടെ അറസ്റ്റിന് ശേഷം ഈ കേസില്‍ കാര്യമായ തോതില്‍ ഇടപെട്ടിട്ടില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.