തളിപ്പറമ്പിലെ പോലീസ് സി.പി.എമ്മിന്റെ പാര്‍ട്ടി സെക്രട്ടെറിയുടെ ചുമതല ഏറ്റെടുക്കുന്നതാണ് നല്ലത്-രാഹുല്‍ വെച്ചിയോട്ട്.

തളിപ്പറമ്പ്: യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ്.ഇര്‍ഷാദിന്റെ വീട് ആക്രമിച്ച പ്രതികള്‍ക്ക് സ്റ്റേഷന്‍ ജാമ്യം അനുവദിച്ച പോലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന,സെക്രട്ടെറി രാഹുല്‍ വെച്ചിയോട്ട്.

മലപ്പട്ടം പ്രശ്‌നവുമായി ബന്ധപ്പെട്ട് മെയ്-15-ന് രാത്രിയാണ് ഡിവൈഎഫ്‌ഐക്കാര്‍ ഇര്‍ഷാദിന്റെ വീടാക്രമിച്ചത്.

വീടിന്റെ മുഴുവന്‍ ജനല്‍ചില്ലുകളും അദ്ദേഹത്തിന്റെ ഉപ്പയുടെ കാറും സ്‌ക്കൂട്ടറും അക്രമികള്‍ നശിപ്പിച്ചിരുന്നു.

എന്നാല്‍ പ്രതികള്‍ക്ക് ജാമ്യം കിട്ടുന്ന നസ്സാര വകുപ്പുകള്‍ ചേര്‍ത്താണ് തളിപ്പറമ്പിലെ പോലീസ് കേസ് എടുത്തിരിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദവും പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന പ്രസ്താവനയും പുറത്തുവന്ന ശേഷമാണ് ഇന്ന് ഉച്ചക്ക് പോലീസ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തതായി കാണിച്ച് ആ പ്രതികള്‍ക്ക് രണ്ടു മണിക്കൂര്‍ കൊണ്ട് സ്റ്റേഷന്‍ ജാമ്യം അനുവദിച്ചത്.

ഇത് പ്രതിഷേധാര്‍ഹമാണെന്നും, തളിപ്പറമ്പിലെ പോലീസിന് ഇതിനേക്കാള്‍ നല്ലത് സി.പി.എം പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല ഏറ്റെടുക്കുന്നതാണെന്നും രാഹുല്‍ വെച്ചിയോട്ട് പ്രസ്താവനയില്‍ വിമര്‍ശിച്ചു.

പാലകുളങ്ങരയിലെ കെ.കെ.അക്ഷയ്(29), കൂവോട്ടെ പി.രാജേഷ്(38), കാക്കാഞ്ചാലിലെ ഒ.അതുല്‍(26) എന്നിവരാണ് അറസ്റ്റിലായത്.

ഏഴുപേര്‍ക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തിരുന്നത്.