തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ റെയില്‍വെ റിസര്‍വേഷന്‍ കൗണ്ടര്‍ പൂട്ടി—ഉടന്‍ തുറക്കണമെന്ന് റെയില്‍വെ യൂസേഴ്‌സ് ഫോറം.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ റെയില്‍വെറിസര്‍വേഷന്‍ കൗണ്ടര്‍ വീണ്ടും പൂട്ടി.

റെയില്‍വെ അംഗീകാരം പുതുക്കി നല്‍കാത്തതിനെ തുടര്‍ന്നാണ് ഒക്ടോബര്‍ 31 ന് കൗണ്ടര്‍ അടച്ചത്.

നേരത്തെ വര്‍ഷത്തില്‍ ഒരിക്കലായിരുന്നു പുതുക്കല്‍ നടന്നിരുന്നത്.

പിന്നീട് 6 മാസമായും മൂന്നു മാസമായും കാലാവധി കുറച്ചു.

ഇപ്പോള്‍ ഒരു വര്‍ഷമായി എല്ലാ മാസവും അവസാനത്തെ ദിവസത്തിന് മുമ്പ് പുതുക്കണം.

ഇതിന്റെ അപേക്ഷ കൃത്യമായി താലൂക്ക് ഓഫീസ് അധികൃതര്‍ പാലക്കാട് ഡിവിഷണല്‍ റെയില്‍വെ മാനേജര്‍ക്ക് സമര്‍പ്പിച്ചിരുന്നു.

പ്രതിദിനം 60,000 രൂപയോളം വരുമാനമുണ്ടായിരുന്ന കൗണ്ടറിന്റെ എല്ലാ ചെലവുകളും വഹിക്കുന്നതും ജീവനക്കാരെ നിയമിച്ചതും സംസ്ഥാന സര്‍ക്കാരാണ്.

നൂറു കണക്കിന് അന്യസംസ്ഥാനക്കാരും മലയോര മേഖലയില്‍ നിന്നുള്ള നാട്ടുകാരും ഉപയോഗപ്പെടുത്തിയ റിസര്‍വേഷന്‍ കൗണ്ടര്‍ ഉടനെ പ്രവര്‍ത്തിപ്പിക്കണമെന്ന് ഉത്തരമേഖലാ റെയില്‍വെ യൂസേഴ്‌സ് ഫോറം തളിപ്പറമ്പ് യൂനിറ്റ് ആവശ്യപ്പെട്ടു.

ഈ ആവശ്യം ഉന്നയിച്ച് സംഘടന കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനിവൈഷ്ണവിന് ഇ-മെയില്‍ സന്ദേശം അയച്ചു.