രാജാജി പാര്‍ക്കും പ്രസംഗപീഠവും സംരക്ഷിക്കണം–സ്മാരകമാക്കണമെന്നും ആവശ്യമുയരുന്നു

പണം പിരിക്കാന്‍ ഹേമമാലിനിയുടെ ഡാന്‍സും എം.എസ്.സുബ്ബലക്ഷ്മിയുടെ കച്ചേരിയും

പരിയാരം: പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ രാജാജി പാര്‍ക്കും പ്രസംഗപീഠവും കാടുകയറി.

1953 നവംബര്‍ 22 നാണ് അന്നത്തെ മദ്രാസ് മുഖ്യമന്ത്രിയായിരുന്ന സി.രാജഗോപാലാചാരി ടി.ബി.സാനിട്ടോറിയം ഉദ്ഘാടനം ചെയ്തത്.

ഉദ്ഘാടനത്തിനെത്തിയ രാജാജി പ്രസംഗിച്ച സ്ഥലവും പിന്നീട് ഇവിടെ നിര്‍മ്മിച്ച പാര്‍ക്കുമാണ് കാടുകയറിയിരിക്കുന്നത്.

അന്നത്തെ മദ്രാസ് പ്രസിഡന്‍സിയുടെ നിശ്ചയദാര്‍ഡ്യത്തിന്റെ തെളിവാണ് ഇന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ അദ്യത്തെ രൂപമായിരുന്ന ടി.ബി.സാനിട്ടോറിയം.

നാല്‍പ്പതുകളില്‍ ക്ഷയരോഗം മലബാര്‍ജില്ലയിലെ യുവത്വത്തെ കാര്‍ന്നുതിന്നുകൊണ്ടിരുന്ന കാലത്ത് ഇവിടെയുള്ളവര്‍ ക്ഷയരോഗ

ചികില്‍സ തേടി പോയിരുന്നത് മദ്രാസ് സംസ്ഥാനത്തെ ഈറോഡ് ജില്ലയിലുള്ള പെരുന്തുറൈയില്‍ പ്രവര്‍ത്തിച്ചിരുന്ന രാമലിംഗം ടി.ബി.സാനിട്ടോറിയത്തിലേക്കായിരുന്നു.

മലബാറില്‍ നിന്നും കൂടുതലാളുകള്‍ ഈറോഡ് റെയില്‍വേ സ്‌റ്റേഷനിലേക്കും തിരിച്ചും ടിക്കറ്റെടുക്കുന്നത് സംബന്ധിച്ച

അന്വേഷണമാണ് ഇവിടെ ക്ഷയരോഗികളുടെ വര്‍ദ്ധനവിനെക്കുറിച്ച് ബോധ്യപ്പെടുത്തിയത്.

മലബാര്‍ ജില്ലയില്‍ ഒരു ടി.ബി.സാനിട്ടോറിയം തുടങ്ങാനുള്ള ആലോചനകള്‍ ഉരുത്തിരിയുന്നത് അങ്ങനെയാണ്.

1940 ലാണ് ഇതിനുള്ള ശ്രമം ആരംഭിച്ചത്. സര്‍ക്കാര്‍ ഫണ്ട് പരിമിതമാണെന്നും ആശുപത്രി പണിയാന്‍ ഉദാരമതികളുടെ സഹായം തേടണമെന്നും മദ്രാസ് പ്രസിഡന്‍സി നിര്‍ദ്ദേശിച്ചു.

അന്നത്തെ ഗവര്‍ണര്‍ ആര്‍തര്‍ ഓസ്വാള്‍ഡ് ജെയിംസ് ഹോപ്പ് പണം ഒഴികെ മറ്റെല്ലാ സഹായവും ഉറപ്പുനല്‍കിയെങ്കിലും, പണം സ്വരൂപിക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ പരാജയപ്പെട്ടു.

1946 ല്‍ ചുമതലയേറ്റ അവസാനത്തെ ഗവര്‍ണര്‍ സര്‍ ആള്‍ക്ക് ബാള്‍ഡ് എഡ്വേര്‍ഡ് നൈ മലബാറിലെ ടി.ബി.സാനിട്ടോറിയത്തിന് എല്ലാവിധ പിന്തുണയും നല്‍കി.

സാമൂഹ്യ പ്രവര്‍ത്തകയായ അദ്ദേഹത്തിന്റെ ഭാര്യ ലേഡി നൈ തന്നെ ഇതിനായി രംഗത്തിറങ്ങി.

1947 ല്‍ സ്വാതന്ത്ര്യം ലഭിച്ചുവെങ്കിലും മദ്രാസ് പ്രസിഡന്‍സിയില്‍ ബ്രിട്ടീഷുകാര്‍ തന്നെയായിരുന്നു ഭരണം നിര്‍വ്വഹിച്ചിരുന്നത്.

1947 ഒക്ടോബര്‍ 31 ന് കോഴിക്കോട്ടെത്തിയ ലേഡി നൈ വിളിച്ചുചേര്‍ത്ത യോഗമാണ് സാനിട്ടോറിയത്തിന്റെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്.

മലബാറില്‍ അന്ന് ഏകദേശം 35,000 ക്ഷയരോഗികള്‍ ഉണ്ടായിരുന്നതായാണ് കണക്ക്.

1948 ആഗസ്ത് 7 നാണ് ലേഡി നൈ സാനിട്ടോറിയത്തിന് തറക്കല്ലിട്ടത്. സാനിട്ടോറിയം നിര്‍മ്മാണം പൂര്‍ത്തീകരിച്ചത് 5 വര്‍ഷമെടുത്തായിരുന്നു.

9 വാര്‍ഡുകള്‍, ഒ.പി.ആന്റ് അഡ്മിനിസ്‌ട്രേഷന്‍, ഓപ്പറേഷന്‍ തിയേറ്റര്‍, മോര്‍ച്ചറി എന്നിവ അടങ്ങുന്ന സമുച്ചയമാണ് നിര്‍മ്മിച്ചത്.

ബന്ധുക്കള്‍ ഏറ്റെടുക്കാത്ത മരണപ്പെട്ട രോഗികളുടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാനുള്ള ശ്മശാനവും ഇതോടൊപ്പം ഉണ്ടായിരുന്നു.

2,17,900 രൂപ സര്‍ക്കാറില്‍ നിന്നും ഗ്രാന്റായി ലഭിച്ചു. കോഴിക്കോട് നടത്തിയ എം.എസ്.സുബ്ബലക്ഷ്മിയുടെ ഗാനമേള, ഹേമമാലിനിയുടെ നൃത്തം എന്നിവയിലൂടെയും പൊതുജന സംഭാവനയായും 1953

ഒക്ടോബര്‍ 10 വരെ ലഭിച്ച തുക 5,00,621 രൂപ 1 അണ എട്ട് പൈസ. ആകെ നിര്‍മ്മാണച്ചെലവ് 7,18,521 രൂപയായിരുന്നു.

ഉദ്ഘാടനത്തിന് മദ്രാസ് മുഖ്യമന്ത്രി രാജാജിയെതന്നെ കൊണ്ടുവരണമെന്നത് സാനിട്ടോറിയത്തിന് സ്ഥലം വിട്ടുകൊടുത്ത സാമുവല്‍ ആറോണിന്റെ പ്രത്യേക താല്‍പര്യമായിരുന്നു.

സാനിട്ടോറിയത്തില്‍ ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്ന സ്ഥലത്ത് കുടിവെള്ള ടാങ്കിന് സമീപമാണ് അര്‍ദ്ധവൃത്താകൃതിയില്‍ രാജാജിക്കായി പ്രസംഗപീഠം പണിതത്.

ഏതാണ്ട് അയ്യായിരത്തോളം പേര്‍ അന്ന് രാജാജിയെ കാണാനും പ്രസംഗം കേള്‍ക്കാനും എത്തിയിരുന്നതായി ആശുപത്രിയിലെ ആദ്യകാല ജീവനക്കാരനായിരുന്ന നൂറ് വയസോളം പ്രായമുള്ള കണ്ണന്‍ പറയുന്നു.

പെരുന്തുറൈ സാനിട്ടോറിയത്തിലെ സൂപ്രണ്ട് ഡോ.അറുമുഖമാണ് ആദ്യത്തെ സൂപ്രണ്ടായി നിയോഗിക്കപ്പെട്ടത്.

അദ്ദേഹത്തിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് രാജാജി പ്രസംഗിച്ച സ്ഥലം രാജാജി പാര്‍ക്കായി മാറ്റിയത്.

കൂടുതലും മദ്രാസ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരായിരുന്നു തുടക്കത്തില്‍ ജീവനക്കാരായി എത്തിയത്.

അവര്‍ക്ക് വൈകുന്നേരങ്ങളില്‍ കാറ്റുകൊണ്ടിരിക്കാനായി ഇവിടെ സിമന്റ് ബെഞ്ച് പണിയുകയും ചെയ്തു.

ജീവനക്കാര്‍ മാനസികോല്ലാസത്തിനായി എത്തിയിരുന്ന പാര്‍ക്ക് പിന്നീട് സംരക്ഷണമില്ലാത്തതിനാല്‍ കാടുമൂടി വിസ്മൃതമാകുകയായിരുന്നു.

രാജാജി വന്നതിന്റെ 69-ാം വാര്‍ഷികം നടക്കുന്ന ഈ വര്‍ഷമെങ്കിലും രാജാജിയുടെ ഓര്‍മ്മക്കായി പ്രസംഗപീഠവും പാര്‍ക്കും നവീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.