റംസാന്‍ നോമ്പിന്റെ 20 വര്‍ഷം പൂര്‍ത്തിയാക്കി ഡോ.എസ്.ഗോപകുമാര്‍. മനസിനും ശരീരത്തിനും അനുഭൂതിയെന്ന് അനുഭവസാക്ഷ്യം.
കരിമ്പം.കെ.പി.രാജീവന്‍
പരിയാരം: ഇരുപതാണ്ടിന്റെ നോമ്പെടുക്കല്‍ നിറവില്‍ പരിയാരം ഗവ.ആയുര്‍വേദ കോളേജ് സൂപ്രണ്ട് ഡോ.എസ്.ഗോപകുമാര്‍.

കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജില്‍ അധ്യാപകനായി എത്തിയ ഡോ.ഗോപകുമാര്‍ തന്റെ ശിഷ്യന്‍മാര്‍ നോമ്പെടുക്കുന്നതില്‍ ഐക്യപ്പെട്ടാണ് നോമ്പെടുത്ത് തുടങ്ങിയത്.
കാല്‍ നൂറ്റാണ്ടായി വൃതമെടുത്ത് മുടങ്ങാടെ ശബരിമലദര്‍ശനം നടത്തുന്ന ഗുരുസ്വാമി കൂടിയാണ് ഡോ.ഗോപകുമാര്‍.
പരിയാരത്ത് അസി.പ്രഫസാറായിരിക്കെ നോമ്പടുക്കല്‍ ആരംഭിച്ച ഇദ്ദേഹം 20 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ രോഗനിദാനം വകുപ്പ് മേധാവിയും പ്രഫസരും എന്നതിന് പുറമെ ആശുപത്രി സൂപ്രണ്ടുമാണ്.
2014 ല്‍ സംസ്ഥാന സര്‍ക്കാറിന്റെയും 2016 ല്‍ കേന്ദ്രസര്‍ക്കാറിന്റെയും മികച്ച ആയുര്‍വേദ അധ്യാപകനുള്ള അവാര്‍ഡ് നേടിയിരുന്നു.
2017 ല്‍ കേന്ദ്ര ആയുര്‍വേദ കൗണ്‍സിലിന്റെ ആചാര്യ പുരസ്‌ക്കാരവും നേടി.
റംസാന്‍ നോമ്പെടുത്ത് മലചവിട്ടിയിട്ടും ആരോഗ്യപ്രശ്‌നങ്ങളൊന്നും നേരിട്ടിട്ടില്ലെന്നും, വിദേശ രാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും പ്രബന്ധങ്ങള്‍ അവതരിപ്പിക്കാനും മറ്റുമായി ഇക്കാലയളവില്‍ പോയിട്ടുണ്ടെങ്കിലും ഒട്ടും ക്ഷീണം അനുഭവപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
നോമ്പ് തുറസമയത്ത് വാങ്ക് മുഴങ്ങുമ്പോള്‍ തന്നെ നേരത്തെ തയ്യാറാക്കിയ തരിക്കഞ്ഞി, ഈന്തപ്പഴം, പഴങ്ങള്‍, ജ്യൂസ് എന്നിവയുമായി നോമ്പ് മുറിക്കും. രാത്രി എട്ടിനും ഒന്‍പതിനും മധ്യേ ചപ്പാത്തിയോ ചോറോ അടങ്ങുന്ന അത്താഴം, പുലര്‍ച്ചെ 4.30 ന് ദോശയോ കഞ്ഞിയോ കഴിക്കും. നോമ്പ് മുറിച്ചാല്‍ ധാരാളമായി വെള്ളവും കുടിക്കും. പകല്‍ വെള്ളം കുടിക്കാത്തതിനാലാണിത്.
മകള്‍ അമേയയുടെ പിറവിയും ഒരു നോമ്പുകാലത്താണെന്ന് അദ്ദേഹം പറഞ്ഞു.
ഭാര്യ വിനയയും മകളും നോമ്പെടുക്കലിന് പൂര്‍ണമായ പിന്തുണ നല്‍കുന്നു.
സഹപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും നോമ്പെടുക്കലിനെ പ്രോല്‍സാഹിപ്പിക്കുകയും അതിനായി സൗകര്യം ചെയ്തുതരികയും ചെയ്യുന്നുണ്ടെന്ന് ഡോ.ഗോപകുമാര്‍ പറഞ്ഞു.
ആരോഗ്യ സര്‍വകലാശാലയുടെ ഏറ്റവും മികച്ച അധ്യാപകനുള്ള 2020 ലെ അവാര്‍ഡ് ലഭിച്ച ഡോ.ഗോപകുമാര്‍ പഠനകാലത്ത് കേരള സര്‍വകലാശാലയുടെ കലാപ്രതിഭയുമായിരുന്നു.
കവി, ഗാനരചയിതാവ്, പ്രഭാഷകന്‍ എന്ന നിലയിലും ശ്രദ്ധേയനാണ്. ജനറല്‍ മെഡിസിന്‍, പതോളജി എന്നിവയില്‍ എം.ഡി ബിരുദധാരിയാണ്.
ശ്രീകണ്ഠന്‍നായര്‍- കൃഷ്ണകുമാരിയമ്മ ദമ്പതികളുടെ മകനാണ്. തിരുവനന്തപുരം പട്ടം ആദര്‍ശ് നഗറിലാണ് താമസം.
നോമ്പെടുക്കല്‍ മനസിനും ശരീരത്തിനും നല്‍കുന്ന അനുഭൂതി വിവരണാതീതമാണെന്നും ജീവിതാവസാനം വരെ തുടരണമെന്നാണ് ആഗ്രഹമെന്നും ഡോ.ഗോപകുമാര്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു.
