ബദരീനാഥില്‍ പുതിയ റാവല്‍ജി ചുമതലയേറ്റു- സ്ഥാനാരോഹണ ചടങ്ങില്‍ വിജയ് നീലകണ്ഠനും.
ബദ്രീനാഥ്: ഉത്തരാഖണ്ഡിലെ വിശ്വപ്രസിദ്ധമായ വൈഷ്ണവക്ഷേത്രമായ ബദരീനാഥ് ധാമില്‍ പുതിയ റാവല്‍ജിയെ അവരോധിച്ചു. കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം കുളപ്രത്ത് വാരണക്കോട് ബ്രഹ്മശ്രീ. അമര്‍നാഥ് നമ്പൂതിരിയാണ് റാവല്‍ജി (ബദരീനാഥ് മുഖ്യപുരോഹിതര്‍) ആയി സ്ഥാനാരോഹണം ചെയ്തത്. 16 വര്‍ഷമായി ബദരിനാഥില്‍ റാവര്ജിയായി ബദ്രീശ്വരനെ സേവിക്കുന്ന റാവല്‍ജി ഈസ്വരപ്രസാദ് നമ്പൂതിരി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ റാവല്‍ജി ചുമതലയേറ്റത്. സ്ഥാനാരോഹണ ചടങ്ങില്‍ പെരുഞ്ചെല്ലൂര്‍ സംഗീതസഭ സ്ഥാപകനും പ്രശസ്ത പരിസ്ഥിതി വന്യജീവി സംരക്ഷകനുമായ വിജയ് നീലകണ്ഠന് ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തികള്‍ സംബന്ധിച്ചു.
ഒരു ദശാബ്ദത്തിലേറെയായി എച്ച്. എച്ച്. റാവല്‍ജി സ്ഥാനം അലങ്കരിച്ചുവരുന്ന ബ്രഹ്മശ്രീ. വടക്കേ ചന്ദ്രമന ഈശ്വരപ്രസാദ് നമ്പൂതിരിയുടെ ശിഷ്യത്വത്തില്‍ കഴിഞ്ഞ നാലു വര്‍ഷമായി നൈബ് റാവല്‍ജി (ഉപപുരോഹിതര്) സ്ഥാനം വഹിക്കുകയായിരുന്നു അമര്‍നാഥ് നമ്പൂതിരി.
അവരോധക്രിയകളും പഞ്ചതീര്ത്ഥസ്നാനം, പഞ്ചശിലാവന്ദനം തുടങ്ങിയ ചടങ്ങുകളും പൂര്‍ത്തീകരിച്ച് ശുഭമുഹൂര്‍ത്തത്തില്‍ ഗര്ഭഗൃഹത്തില് പ്രവേശിച്ച നിയുക്തറാവല്ജിക്ക് ഉഷ:പൂജക്ക് ശേഷം ഈശ്വരപ്രസാദ് റാവല്‍ജി മൂലമന്ത്രം ഉപദേശിച്ച് സ്ഥാനവും അധികാരവും കൈമാറി. തുടര്‍ന്നുള്ള പൂജകള്‍ അമര്‍നാഥ് റാവല്‍ജി നിര്‍വ്വഹിക്കും.
സ്ഥാനമൊഴിയുന്ന റാവല്‍ജി ഈശ്വരപ്രസാദ് നമ്പൂതിരിക്ക് ഇന്ന് ക്ഷേത്രം ഭക്തിനിര്‍ഭരമായ വിടവാങ്ങല്‍ ചടങ്ങ് ഒരുക്കി. കണ്ണൂര്‍ ജില്ലയില്‍ ചെറുതാഴത്ത് പെരിയാട്ട് വടക്കേ ചന്ദ്രമന വിഷ്ണുനമ്പൂതിരിയുടേയും ശങ്കരമംഗലത്തെ മകള്‍ സുഭദ്ര അന്തര്‍ജ്ജനത്തിന്റെയും പുത്രനാണ് ഈശ്വരപ്രസാദ് നമ്പൂതിരി. വൈദികതാന്ത്രികപഠനത്തില് ബ്രഹ്മശ്രീ. പുതുമന ശ്രീധരന് നമ്പൂതിരിയുടെ ശിഷ്യനാണ്. റാവല്‍ജി സ്ഥാനത്ത് മുന്റാവല്ജി ബ്രഹ്മശ്രീ. വടക്കിനേടത്ത് പാലക്കീഴ് ബദരിപ്രസാദ് നമ്പൂതിരിയായിരുന്നു ആചാര്യന്. എട്ടുവര്‍ഷത്തിലധികം ബദരിവിശാലിനെ പൂജിച്ച് നാരദമഹര്‍ഷിയുടെ പ്രഥമശിഷ്യരുടെ ഗണത്തിലേക്ക് ഉയരുവാന് അദ്ദേഹത്തിന് ഭാഗ്യം സിദ്ധിച്ചു. വിശിഷ്ടസേവനത്തിന് തെഹ് രി മഹാരാജാവിന്റെ പ്രത്യേകആദരവിനും പാത്രമായി. ആദിശങ്കര അദ്വൈത ഫൗണ്ടേഷന് ചെയര്മാന് സ്ഥാനം വഹിച്ചു. സമീപഗ്രാമങ്ങളില്‍ ഒട്ടേറെ ധാര്‍മ്മിക – വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. പ്രായമായ അമ്മയെ പരിചരിക്കുന്നതിനായി ഈശ്വരപ്രസാദ് നമ്പൂതിരി വൈകാതെ നാട്ടിലേക്ക് മടങ്ങും. മുത്തച്ഛന് ബ്രഹ്മശ്രീ. ഗണപതി നമ്പൂതിരിയും നേരത്തെ ബദരീനാഥ് റാവല്‍ജി ആയിരുന്നു.
പുതിയ റാവല്‍ജി അമര്‍നാഥ് നമ്പൂതിരി കുളപ്രത്ത് വാരണക്കോട് മുരളീധരന് നമ്പൂതിരിയുടെയും മാടമന ഇല്ലത്തെ മകള്‍ അമ്പിളി അന്തര്‍ജ്ജനത്തിന്റെയും പുത്രനാണ്. ഇരിങ്ങാലക്കുട കാഞ്ചികാമകോടി വേദപാഠശാലയില്‍ ബ്രഹ്മശ്രീ. ആമല്ലൂര്‍ നാരായണന് നമ്പൂതിരിയുടെ കീഴില്‍ യജുര്‍വ്വേദം അഭ്യസിച്ച് 2020 മുതല്‍ നൈബ് റാവല്‍ സ്ഥാനം അലങ്കരിച്ചുവരികയായിരുന്നു.
ഈശ്വരപ്രസാദ് റാവല്‍ജിയുടെ സഹായികളായി ദീര്‍ഘകാലമായി ബദരീനാഥില്‍ സേവനമനുഷ്ഠിച്ചുവരുന്ന കുണ്ടംകുഴി നാരായണന് നമ്പൂതിരി, പുതുമന രാജേഷ് നമ്പൂതിരി, ദര്ശന് സിങ്, യോഗേഷ് പുരോഹിത് എന്നിവര്‍ പുതിയ റാവല്‍ജിക്കൊപ്പം തല്‍സ്ഥാനത്ത് തുടരും.
ബദരീനാഥിലെ മുഖ്യപുരോഹിതസ്ഥാനമാണ് റാവല്‍ജി എന്നറിയപ്പെടുന്നത്. ബദരിവിശാലിന്റെ പ്രതിപുരുഷനായാണ് ജനങ്ങള്‍ റാവല്‍ജിയെ കണ്ടുവരുന്നത്. റാവല്‍ജിക്ക് ആദ്ധ്യാത്മികതലത്തിലും ഔദ്യോഗികതലത്തിലും വളരെയധികം അധികാരങ്ങളും ഉത്തരവാദിത്തങ്ങളുമാണ് ഉള്ളത്. നൈബ് റാവല്‍ജി, റാവല്‍ജി സ്ഥാനങ്ങളിലേക്ക് താല്കാലികനിയമനം നടത്തി ദേവഗണങ്ങളുടെ അനുമതിയോടെ പിന്നീട് സ്ഥിരപ്പെടുത്തുകയാണ് പതിവ്.
ജഗദ്ഗുരു ശ്രീമദ് ശങ്കരഭഗവത്പാദാചാര്യരുടെ നിശ്ചയപ്രകാരം മലയാളസമ്പ്രദായത്തിലുള്ള പൂജാവിധാനമാണ് ഇവിടെ പിന്തുടര്‍ന്നുവരുന്നത്.
കീഴ്വഴക്കമനുസരിച്ച് ചെറുതാഴം സഭായോഗത്തില്‍ നിന്നുള്ള നൈഷ്ഠികബ്രഹ്മചാരിമാരായ നമ്പൂതിരിമാരാണ് ത്യാഗപൂര്‍ണ്ണവും ജന്മജന്മാന്തരപുണ്യം കൊണ്ടുമാത്രം ലഭിക്കുന്നതുമായ ഈ പൂജ്യസ്ഥാനത്തേക്ക് നിയുക്തരാവുന്നത്.
പുതിയ നൈബ് റാവലിന്റെ തെരഞ്ഞെടുപ്പ് ജൂലൈ അവസാനം നടക്കും. ഇത്തവണ മൂന്ന് നമ്പൂതിരിമാരാണ് ശ്രീരാഘവപുരത്ത് ഭജനം പൂര്‍ത്തീകരിച്ച് നൈബ് റാവല്‍ സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.