ഇവിടെ നുമ്മള ചീര പൊളിയാണ് ട്ടാ—ചുവപ്പും പച്ചയും ഇടകലര്‍ന്ന്- ഒപ്പം നാടന്‍ ഇനങ്ങളും
പരിയാരം: ചുവപ്പും പച്ചയും നാടനും ഹൈബ്രീഡും ഇടകലര്‍ത്തിയുള്ള പോളിഹൗസിലെ സമ്മിശ്ര ചീരകൃഷി വിസ്മയമാവുന്നു.

ചെറുതാഴം പഞ്ചായത്തിലെ കേശവതീരം ആയുര്വേദഗ്രാമത്തിലെ പോളിഹൗസില്‍ ഈ വര്‍ഷം നടത്തിയ ചീരകൃഷി ഉത്പാദനത്തില്‍ വിപ്ലവം സൃഷ്ടിച്ചിരിക്കുന്നു.
കേശവതീരം ഉടമ വെദിരമന വിഷ്ണു നമ്പൂതിരിക്ക് ചെറുതാഴം കൃഷിഭവന് 6 വര്‍ഷം മുന്‍പ് അനുവദിച്ച പോളിഹൗസില്‍ എല്ലാവിധ പച്ചക്കറികൃഷികളും ചെയ്തു വന്നിരുന്നു.
അള്‍ട്രാ വയലറ്റ് രശ്മികളെ തടഞ്ഞ് അന്തരീക്ഷ സ്ഥിതിയില്‍ ചെടികള്‍ക്ക് തഴച്ച് വളരാന്‍ സംവിധാനമൊരുക്കുന്നതാണ് പോളിഹൗസ് കൃഷി.
ഈ വര്‍ഷം ചെറുതാഴം പഞ്ചായത്തിലെ മികച്ച യുവ കര്‍ഷകനായ ഐ.വി.പ്രസാദ് മുന്‍കയ്യെടുത്താണ് ചീരകൃഷി ചെയ്തത്.
ചീരയുടെ പുള്ളികുത്ത് രോഗത്തെ പ്രതിരോധിക്കുന്നതിനു വേണ്ടി പച്ചചീരയും, ചുവന്ന ചീരയും ഇടകലര്‍ത്തിയാണ് കൃഷിചെയ്തത്.
കണികാജലസേചന രീതിയും അതുപോലെ വളസേചനരീതിയും ഉള്‍പ്പെടുത്തി കൊണ്ടുള്ള ഉത്തമകാര്ഷികമുറയാണ് പ്രസാദ് ഇവിടെ പരീക്ഷിച്ചതെന്ന് കൃഷി അസിസ്റ്റന്റ് എം.കെ.സുരേഷ് പറഞ്ഞു.
കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി വിവിധ പഞ്ചായത്തുകളില്‍ തരിശു സ്ഥലങ്ങള്‍ പാട്ടത്തിനെടുത്ത് കൃഷിയോഗ്യമാക്കുകയാണ് പ്രസാദ് ചെയ്യുന്നത്.
ഈ വര്‍ഷം പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി, ചെറുതാഴം, എരമം കുറ്റൂര്‍ ഗ്രാമപ്പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലായി 6000 വാഴകളും 5 ഏക്കറോളം പച്ചക്കറികളും കൃഷിചെയ്യുന്നുണ്ട്.
കൃഷിചെയ്യുന്ന പഞ്ചായത്തുകളും സമീപസ്ഥ പഞ്ചായത്തുകളുമാണ് പ്രധാന വിപണനകേന്ദ്രങ്ങള്‍.
കൂടാതെ കൃഷിഭവന് ഇക്കൊഷോപ്പുകള് വഴിയും ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നു.
കഴിഞ്ഞ എട്ട് വര്‍ഷമായി ചെയ്യുന്ന പച്ചക്കറികൃഷിയിലും വാഴക്കൃഷിയിലും സാമ്പത്തിക ലാഭത്തിന്റെ കണക്ക് മാത്രമേ പ്രസാദിന് പറയാനുള്ളൂ.
ചീരകൃഷിയില്‍ നിന്നും നല്ല തോതില്‍ വില്‍പ്പന ലഭിച്ചതായി അദ്ദേഹം പറഞ്ഞു.
