പാടാത്ത വീണയും പാടും സ്‌നേഹത്തിന്‍ ഗന്ധര്‍വ്വ വിരല്‍തൊട്ടാല്‍-റസ്റ്റ് ഹൗസ് തുറന്നിട്ട് 54 വര്‍ഷം.
1969 ഡിസംബര്‍ 18 നാണ് 54 വര്‍ഷം മുമ്പ് റസ്റ്റ്ഹൗസ് എന്ന സിനിമ റിലീസ് ചെയ്തത്. ബ്ലാക്ക് ആന്റ് വൈറ്റില്‍ നിര്‍മ്മിക്കപ്പെട്ട ഈ സസ്‌പെന്‍സ് ക്രൈംത്രില്ലര്‍ സിനിമ ഇന്നും പ്രേക്ഷകരെ ഞെട്ടിക്കുന്ന വിധത്തില്‍ ആസ്വദിക്കാന്‍ സാധിക്കുന്നതാണ്. ഗണേഷ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ കെ.പി.കൊട്ടാരക്കര കഥ, തിരക്കഥ, സംഭാഷണം എന്നിവയെഴുതി നിര്‍മ്മിച്ച സിനിമ സംവിധാനം ചെയ്തത് ശശികുമാര്‍. സി.ജെ.മോഹന്‍ ക്യാമറയും ടി.ആര്‍.ശ്രീനിവാസലു എഡിറ്റിംഗും നിര്‍വ്വഹിച്ചു. ആര്‍.ബി.എസ്.മണിയാണ് കലാ സംവിധായകന്‍. പരസ്യം-എസ്.എ.നായര്‍. പ്രേംനസീര്‍, കെ.പി.ഉമ്മര്‍, അടൂര്‍ഭാസി, രാഘവന്‍, വിന്‍സെന്റ്, ഷീല, ലക്ഷ്മി, കുഞ്ചന്‍, പറ.വൂര്‍ ഭരതന്‍, ഫ്രണ്ട്‌സ് രാമസ്വാമി, ശ്രീലത, ഹേമ, മീന, സാധന, പി.ആര്‍,മേനോന്‍, ജസ്റ്റിന്‍, കെ.എ.വാസുദേവന്‍ എന്നിവരാണ് പ്രധാന താരങ്ങല്‍. ശ്രീകുമാരന്‍തമ്പിയും എം.കെ.അര്‍ജുനനും ചേര്‍ന്നൊരുക്കിയ 8 ഗാനങ്ങള്‍ ഇന്നും സൂപ്പര്‍ ഹിറ്റുകളാണ്. പി.എസ്.ദിവാകറാണ് പശ്ചാത്തല സംഗീതം. വിമല ഫിലിംസാണ് വിതരണം ചെയ്തത്.
ഗാനങ്ങള്‍-
1-മാനക്കേടായല്ലോ നാണക്കേടായല്ലോ-ജയചന്ദ്രന്‍, സി.ഒ.ആന്റോ.
2-മാനക്കേടായല്ലോ നാണക്കേടായല്ലോ-പി.ലീല, എല്‍.ആര്‍.ഈശ്വരി.
3-മുത്തിലും മുത്തായ-യേശുദാസ്.
4-പാടാത്ത വീണയും പാടും-യേശുദാസ്.
45-പൗര്‍ണമിച്ചന്ദ്രിക-യേശുദാസ്.
6-വസന്തമേ വായിയെറിയൂ-എസ്.ജാനകി.
7-വിളക്കെവിടെ-സി.ഒ.ആന്റോ
8-യമുനേ യദുകുലരതിദേവനെവിടെ-ജയചന്ദ്രന്‍, എസ്.ജാനകി.
റസ്റ്റ്ഹൗസ് (കഥാസംഗ്രഹം).
രണ്ടു വനിതാ പ്രൊഫസര്‍മാര്‍ പത്ത് പെണ്‍കുട്ടികളേയും കൊണ്ട് ഒരു സസ്യശാസ്ത്രപഠനയാത്രക്കുവേണ്ടി പുറപ്പെട്ടു. അവര്‍ ഒരു റെസ്റ്റ് ഹൗസില്‍ എത്തിച്ചേര്‍ന്നു. ഇതേസമയം സ്ത്രീവിദ്വേഷിയായ പ്രൊഫ. ദാസ് പത്ത് വിദ്യാര്‍ത്ഥികളേയും കൊണ്ടു് അവിടെത്തന്നെ എത്തിയിരുന്നു. സസ്യശാസ്ത്ര പഠനം തന്നെയാണ് ഇവരുടെയും ഉദ്ദേശം. അവിവാഹിതയും കണിശക്കാരിയുമായ പ്രൊഫ. ലക്ഷ്മിക്ക് അവിടെ താമസിക്കുന്നതു് ഇഷ്ടമായില്ല. അവര്‍ വേറേ സ്ഥലമന്വേഷിച്ചു തുടങ്ങി.
അവിടെ അടുത്തുതന്നെ ഒരു സായ്പ്പ് താമസിക്കുന്ന ഒരൊഴിഞ്ഞ ബംഗ്ലാവുണ്ടെന്നും അവിടെ താമസിക്കാന്‍ അനുവാദം കിട്ടിയേക്കുമെന്നും അറിഞ്ഞ് ആ വനിതാ പ്രൊഫസര്‍മാര്‍ അവിടെ ചെന്നു. പക്ഷെ സായ്പ്പിനെക്കണ്ട പ്രൊഫ.സിസ്റ്റര്‍ സോഫിയ ഞെട്ടിപ്പോയി. മറ്റാരും അതറിഞ്ഞില്ല. ഏതായാലും സായ്പ്പിന്റെ അനുവാദം കിട്ടാതെ അവര്‍ മടങ്ങിവന്നു. റെസ്റ്റ് ഹൗസില്‍ത്തന്നെ താമസിക്കാന്‍ അവര്‍ നിശ്ചയിച്ചു.
വിദ്യാര്‍ത്ഥികളില്‍ പ്രധാനികളാണ് രഘുവും ബാലനും. ബീറ്റില്‍ അപ്പുവാണ്് വേറൊരു നേതാവ്. അവര്‍ മൂവരും കൂടി ഒരുരാത്രി കാട്ടാളന്മാരുടെ വേഷം കെട്ടി വിദ്യാര്‍ത്ഥിനികള്‍ കിടന്നുറങ്ങുന്ന മുറിയില്‍ ജനല്‍മാര്‍ഗ്ഗം പ്രവേശിച്ചു. എന്നിട്ടു് അവരോട് ആഭരണങ്ങള്‍ എല്ലാം ആവശ്യപ്പെട്ടു. ഭയപരവശരായ അവര്‍ അനുസരിച്ചു. അവിടെ നിന്ന് വെളിയില്‍ കടന്ന രഘുവും ബാലനും അപ്പുവും പെട്ടെന്നു് വേഷം മാറി, വലിയ സംഘട്ടനം കഴിഞ്ഞതുപോലെ വിയര്‍പ്പിനുപകരം ദേഹത്തു വെള്ളം കൊരിയൊഴിച്ച് ചെളിയും മറ്റും തേച്ചുപിടിപ്പിച്ച് പ്രൊഫസറുടേയും വിദ്യാര്‍ത്ഥിനികളുടേയും അടുക്കല്‍ ചെന്ന് തങ്ങള്‍ ആ കാട്ടാളന്മാരെ അടിച്ചോടിച്ചെന്ന് പറഞ്ഞ് ആഭരണങ്ങള്‍ തിരിച്ചു നല്‍കി. പ്രതിഫലമായി അവിടെനിന്നു പോകണം എന്നുപറഞ്ഞുകൊണ്ടിരുന്ന പ്രൊഫ. ദാസിനോട് അവിടെനിന്നു പോകണ്ട എന്ന് പറയണം എന്നാവശ്യപ്പെട്ടു. അതു സമ്മതിച്ചു് പ്രൊഫസറെ കാണാന്‍ ചെന്ന പെണ്‍കുട്ടികള്‍ കണ്ടത്് കാട്ടാളന്റെ വേഷത്തില്‍ പ്രൊഫസര്‍ അവിടെ നില്‍ക്കുന്നതാണ്. ദാസ് രഘുവിനേയും മറ്റും വഴക്കു പറഞ്ഞു.
അങ്ങാടിപ്പുറം തളിക്ഷേത്രം ഒരു പുരാതനക്ഷേത്രമാണു്. അത് ഈ റെസ്റ്റ് ഹൗസിനു സമീപമാണു് സ്ഥിതി ചെയ്യുന്നത്്. പുരാതന കാലം തൊട്ടു് ആ ക്ഷേത്രം നാട്ടുകാരുടെ വകയായിരുന്നു. എന്നാല്‍ അവിടെ ബംഗ്ലാവില്‍ താമസിക്കുന്ന സായ്പ്പ് കുറേക്കാലമായി അതു വാങ്ങിക്കുവാന്‍ ശ്രമിക്കയായിരുന്നു. അതിനു പങ്കാളിയായി സ്ഥലത്തെ ഇന്‍സ്‌പെക്ടറും ഉണ്ടു്. പക്ഷെ ഇതിനെതിരായുള്ള പ്രക്ഷോഭത്തില്‍ രഘുവും ബാലനും അപ്പുവും ചേര്‍ന്നു.
പണ്ട് തളിക്ഷേത്രത്തില്‍ ധാരാളം ധനമുണ്ടായിരുന്നു. എന്നാല്‍ ഒരു മഹാരാജാവ് ഈ സ്ഥലം ആക്രമിച്ചപ്പോള്‍ നാട്ടുകാര്‍ നിധിയെടുത്തു കുഴിച്ചിട്ടു. ഇന്ന്് ബംഗ്ലാവില്‍ താമസിക്കുന്ന ദുഷ്ടനായ സായ്പ്പിന്റെ സാധുവായിരുന്ന, മരിച്ചുപോയ ജ്യേഷ്ഠനും, അയാളുടെ മാനേജര്‍ക്കും മാത്രമേ നിധി കുഴിച്ചിട്ടിരിക്കുന്ന സ്ഥലം അറിയാമായിരുന്നുള്ളു. ആ സായ്പ്പ് തന്റെ അനുജന് നിധി വെച്ചിരിക്കുന്ന സ്ഥലം പറഞ്ഞുകൊടുക്കാതിരുന്നതിനാല്‍ അനുജന്‍ അയാളെ ദേഹോപദ്രവം ഏല്‍പ്പിച്ചു കൊന്നു. കൊന്നത് മാനേജരാണെന്നു് പറഞ്ഞു പരത്തി. മാനേജരെ പിടിച്ചു് സ്വന്തം വീട്ടില്‍ തടങ്കലിലാക്കി. അവിടെയിട്ട് അയാളേയും പീഡിപ്പിച്ചു. പക്ഷെ അയാള്‍ പറഞ്ഞുകൊടുത്തില്ല. മാനേജര്‍ ഒളിവിലാണെന്ന്് ജനങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചു.
സായ്പ്പിന്റെ പദ്ധതികള്‍ക്കു വിഘ്‌നം വരുത്തുന്നവരെ വകവരുത്താന്‍ അയാള്‍ ഒരു പദ്ധതി കണ്ടുപിടിച്ചു. തലയോട്ടിയുടെ ആകൃതിയിലുള്ള ഒരു മുഖം മൂടി വെച്ച്് കറുത്ത വസ്ത്രങ്ങളും ധരിച്ചു് രാത്രിയില്‍ കാവല്‍ നില്‍ക്കുന്ന പോലീസുകാരേയും മറ്റും അയാള്‍ കൊന്നുതുടങ്ങി. നാട്ടുകാര്‍ ഭയചകിതരായി. പോലീസുകാര്‍ ആ പ്രദേശങ്ങളില്‍ ഡ്യൂട്ടിക്കുപോകാന്‍ വിസമ്മതിച്ചു. ഒരു കൂനനായ കടത്തുകാരന്‍ മാത്രം ഇതിനെയൊന്നും വകവെച്ചില്ല.
ബന്ധനസ്ഥനായ മാനേജരുടെ പുത്രിയായിരുന്നു പ്രഫ. സോഫിയ. ഇതു മനസ്സിലാക്കിയ സായ്പ്പ്, മാനെജരെക്കൊണ്ടു് ഉത്തരം പറയിക്കാന്‍ ഒരു മാര്‍ഗ്ഗം കണ്ടുപിടിച്ചു. അച്ഛനെ കാണിച്ചുതരാമെന്നും പറഞ്ഞ് സോഫിയയെ ഒരു പ്രാര്‍ത്ഥനാ യോഗത്തിലേക്ക് ക്ഷണിച്ചു. അവിടെവെച്ചു് മാനേജര്‍ തന്റെ മകളെ കണ്ടു. പക്ഷെ, മകള്‍ അച്ഛനെ കണ്ടില്ല. അച്ഛനെ കാണാനായി മറ്റൊരുദിവസം വരാന്‍ ആവശ്യപ്പെട്ടു.
ഒരുദിവസം വിദ്യാര്‍ത്ഥീ വിദ്യാര്‍ത്ഥിനികള്‍ യോഗം കൂടിയിരുന്ന സമയത്ത്, സിസ്റ്റര്‍ എന്തോ ആവശ്യം പറഞ്ഞ്് സായ്പ്പിന്റെ ബംഗ്ലാവിലേക്ക് ഇറങ്ങിത്തിരിച്ചു. വഴിമദ്ധ്യേ അവര്‍ പ്രേതത്തിനെ കണ്ടു വിളിച്ചുകൂവി. ശബ്ദം കേട്ടു് വിദ്യാര്‍ത്ഥികള്‍ തിരച്ചില്‍ ആരംഭിച്ചു. പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ച ‘പ്രേതം’ ഗത്യന്തരമില്ലാതായപ്പോള്‍ സോഫിയയെ കൊന്നിട്ട് അവിടെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. രഘുവും ബാലനും അപ്പുവുംകൂടി മൃതദേഹം കണ്ടുപിടിച്ചു. പ്രേതമാണ് ആ കൃത്യം ചെയ്തതെന്നു മനസ്സിലാക്കിയ അവര്‍ പിറകെ പോയി. ശവക്കല്ലറ വഴി താഴേക്കുള്ള ഗൂഢമാര്‍ഗ്ഗം അവര്‍ കണ്ടുപിടിച്ചു. തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ അവര്‍ ഇരുമ്പഴിക്കുള്ളില്‍ ആക്കപ്പെട്ടു.
ഈ സമയം സോഫിയയുടെ ശവശരീരം പെട്ടിയിലാക്കി ചുറ്റും ദുഃഖവും ഭയവും നിറഞ്ഞ വദനങ്ങളോടെ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥിനികളും അദ്ധ്യാപകരും. പെട്ടെന്ന് മുറിയിലെ ലൈറ്റണഞ്ഞു. മെഴുകുതിരി കൊളുത്തിനോക്കിയപ്പോള്‍ സോഫിയായുടെ ശവശരീരം അപ്രത്യക്ഷമായിരുന്നു. പോലീസിനെ വിളിക്കാന്‍ പോയ വിദ്യാര്‍ത്ഥി പ്രേതത്തിന്റെ പിടിയില്‍പ്പെട്ടു മരണമടഞ്ഞു.
സോഫിയുടെ ശവശരീരം ഒരു കസേരയില്‍ കെട്ടിവെച്ച് അതിനുനേരേ തോക്കു ചൂണ്ടിക്കൊണ്ട് സായ്പ്പ് മാനേജരോടു ചോദിച്ചു നിധിയെവിടെയെന്ന്. അയാള്‍ തന്റെ മകളുടെ ജീവന്‍ രക്ഷിക്കാന്‍ അയാള്‍ പറഞ്ഞുകൊടുത്തു. പക്ഷെ അയാള്‍ക്കും വെടിയേറ്റു. സായ്പ്പും മറ്റും അവിടെനിന്ന് പോയ തക്കത്തിന് വെടിയേറ്റ അയാള്‍ രഘുവിനെയും മറ്റും മോചിപ്പിച്ചു. തുടര്‍ന്ന് നടക്കുന്ന സംഘട്ടനത്തില്‍ ബോട്ടില്‍ രക്ഷപെടുവാന്‍ ശ്രമിച്ച സായ്പ്പിനെയും കൂട്ടരേയും പോലീസ് പിടികൂടി. കൂനനായ കടത്തുകാരന്‍ സി.ഐ.ഡി ആണെന്നു തെളിയുന്നതോടെ സിനിമ അവസാനിക്കുന്നു.
