ബ്ലോക്ക് പഞ്ചായത്ത് പ്രതികാരമതിലുയര്‍ത്തി കാറ്റും വെളിച്ചവും നിഷേധിച്ചിട്ട് ഒരു വര്‍ഷം-

തളിപ്പറമ്പ്: വയോധികന്‍ ഉള്‍പ്പെടെയുള്ള കുടുംബത്തിന് എല്‍.ഡി.എഫ് ഗവണ്‍മെന്റ് പ്രതികാരമതില്‍ ഉയര്‍ത്തി കാറ്റും വെളിച്ചവും നിഷേധിച്ചിട്ട് ഒരു വര്‍ഷം തികയുന്നു.

അപകടകരമായ മതില്‍ പൊളിച്ചുപണിയാന്‍ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ പരാതി നല്‍കതിയതിന്റെ വിരോധത്തിന് സി.പി.എം പ്രാദേശികനേതാവ് സി.എം.കൃഷ്ണന്റെ നേതൃത്വത്തിലുള്ള തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയാണ് അമിത ഉയരത്തില്‍ മതില്‍ നിര്‍മ്മിച്ചത്.

താലൂക്ക് വികസനസമിതി ഒരു കല്ല് എടുത്തുമാറ്റി പൊളിച്ചുമാറ്റിയ മതിലിന്റെ ഉയരം നിലനിര്‍ത്തണമെന്ന് രേഖാമൂലം നിര്‍ദ്ദേശിച്ചിട്ടും രാഷ്ട്രീയാധികാരത്തിന്റെ ബലത്തില്‍ താലൂക്ക് വികസനസമിതി നിര്‍ദ്ദേശം നടപ്പിലാക്കില്ലെന്ന് സി.എം.കൃഷ്ണന്‍ വികസനസമിതി യോഗത്തില്‍ പരസ്യമായി പ്രഖ്യാപിച്ചത് വിവാദമായിരുന്നു.

തുടര്‍ന്ന് എല്‍.ഡി.എഫ് സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ കരുതലും കൈത്താങ്ങും താലൂക്ക് തല പരാതി പരിഹാര പരിപാടിയില്‍ അപേക്ഷ നല്‍കിയത് പരിഗണിച്ച കൃഷി മന്ത്രി പി.പ്രസാദ് തീരുമാനം പുന:പരിശോധിക്കണമെന്ന് നിര്‍ദ്ദേശിച്ചതും ബ്ലോക്ക് പഞ്ചായത്ത് നിരാകരിക്കുകയായിരുന്നു.

ഇത് സംബന്ധിച്ച വിശദീകരണത്തില്‍ ബ്ലോക്ക് പഞ്ചായത്തിനകത്ത് ഷീലോഡ്ജ് നിര്‍മ്മിക്കുന്നുണ്ടെന്നും സുരക്ഷിതത്വത്തിനായിട്ടാണ് മതില്‍ ഉയര്‍ത്തിയതെന്നും പറഞ്ഞ് പരാതിപ്പെട്ട കുടുംബത്തെ അപമാനിക്കാനുമാണ് ബ്ലോക്ക് പഞ്ചായത്ത് ശ്രമിച്ചത്.

കൊട്ടിഘോഷിച്ച നവകേരള സദസിന് നല്‍കിയ പരാതി എ.ഡി.എം ഒരു വഴിപാട് പോലെ ബ്ലോക്ക് പഞ്ചായത്തിന് തന്നെ ഫോര്‍വേഡ് ചെയ്യുകയായിരുന്നു. ഇതും തള്ളിയതിന്റെ കാരണം ഷീലോഡ്ജിന്റെ പേരിലാണ്.

അതേസമയം ബ്ലോക്ക് ഓഫീസിന്റെ പടിഞ്ഞാറുഭാഗത്തെ മതില്‍ ഉയരം കൂട്ടാന്‍ തയ്യാറായിട്ടുമില്ല.

ഫലത്തില്‍ നാല് സെന്റ് മാത്രം സ്ഥലമുള്ള കുടുംബത്തെ മന: പൂര്‍വ്വം പീഡിപ്പിക്കാന്‍ മാത്രമാണ് മതില്‍ അമിത ഉയരത്തില്‍ നിര്‍മ്മിച്ചതെന്ന് വ്യക്തം.

സ്ഥലം എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ക്കും ലോകസഭയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സി.പി.എം ജില്ലാ സെക്രട്ടെറി എം.വി.ജയരാജനും പരാതി നല്‍കിയിട്ടും മറുപടിപോലും ലഭിച്ചില്ലെന്ന് കുടംബം പറയുന്നു.

ലോകസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനദിവസം ഇക്കാര്യങ്ങള്‍ തുറന്നുകാട്ടി പ്രതികാരമതിലില്‍ ബോര്‍ഡ് സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കയാണ് പീഡനത്തിന് ഇരയാവുന്ന കുടുംബം.