പണി വെരി വെരി സ്‌ലോ-എല്ലാവരും കാഴ്ച്ചക്കാര്‍ മാത്രം.
ചപ്പാരപ്പടവ്; പണി പൂര്‍ത്തിയാവേണ്ട കാലാവധി കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും പണി തീരാതെ ചപ്പാരപ്പടവ്-എരുവാട്ടി-വിമലശേരി-തേര്‍ത്തല്ലി റോഡ്.
വിമലേശേരി മുതല്‍ കൂത്താട് വരെയുള്ള അഞ്ച് കിലോമീറ്റര്‍ റോഡാണ് പ്രവൃത്തിമുടങ്ങി നാട്ടുകാരുെട ക്ഷമപരീക്ഷിക്കുന്ന വിധത്തില്‍ ഇഴഞ്ഞുനീങ്ങുന്നത്.
ഏഴ് കോടി 44 ലക്ഷത്തി ഒന്‍പതിനായിരത്തി നാനൂറ്റി തൊണ്ണൂറ്റിയഞ്ച് രൂപയാണ് ഇതിനായി പൊതുമരാമത്തുവകുപ്പ് അനുവദിച്ചത്.
ബി.അഹമ്മദ് ഹാരീസാണ് കോണ്‍ട്രാക്ടര്‍. 2023 മെയ്-18 നാണ് ഇത് സംബന്ധിച്ച കരാറായത്.
ഒന്‍പത് മാസം കൊണ്ട് പണി പൂര്‍ത്തീയാക്കാനായിരുന്നു കരാര്‍.
എന്നാല്‍ കാലാവധി കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും പണി പൂര്‍ത്തീകരിച്ചില്ല.
മലയോരത്തെ സുപ്രധാനമായ ഈ റോഡിന്റെ 5 കിലോമീറ്റര്‍ വരുന്ന ഭാഗം അങ്ങേയറ്റം പ്രാകൃതാവസ്ഥയിലാണ്.
കെ.എസ്.ഇ.ബിയുടെ പോസ്റ്റുകള്‍ റോഡില്‍ നിന്ന് മാറ്റി സ്ഥാപിക്കുന്നതിന്റെ ജോലികള്‍ മുടങ്ങിക്കിടക്കുകയാണ്.
അതോടൊപ്പം ജല്‍ജീവന്‍ മിഷന്റെ പൈപ്പുകള്‍ ഇടുന്നതും പൂര്‍ത്തിയാവാനുണ്ട്.
വാട്ടര്‍ അതോറിറ്റി ഇതേവരെ പൈപ്പുകള്‍ പോലും എത്തിച്ചിട്ടില്ല. പൈപ്പ് ഇന്നുവരും നാളെ വരും എന്നു പറഞ്ഞുകൊണ്ടിരിക്കുന്ന വാട്ടര്‍ അതോറിറ്റി ഈ മാസം 16 മുതല്‍ പൈപ്പ് ഇടുമെന്നാണ് ഏറ്റവും അവസാനമായി കൊടുത്ത ഉറപ്പ്.
ഇതും പാലിക്കപ്പെടുമെന്ന് നാട്ടുകാര്‍ക്ക് വിശ്വാസമില്ലെങ്കിലും കാത്തിരിക്കുകയാണ്.
ആം ആദ്മി പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ അംഗവും പൊതുപ്രവര്‍ത്തകനുമായ സാനിച്ചന്‍ മാത്യു മോനോനിക്കല്‍ കഴിഞ്ഞ മൂന്ന്മാസക്കാലമായി തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ ഈ വിഷയം ഉന്നയിച്ചുകൊണ്ടിരിക്കുന്നതിനാല്‍ നിര്‍മ്മാണ പ്രവൃത്തിയില്‍ ചില പുരോഗതികള്‍ ദൃശ്യമായിട്ടുണ്ട്.
വാട്ടര്‍ അതോറിറ്റിയും ഈ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്.
