23 ലക്ഷം –തവിടും പൊടിയും –മാസമൊന്നു കഴിഞ്ഞില്ലല്ലോ പഞ്ചായത്തേ—–

തളിപ്പറമ്പ്: 23 ലക്ഷം രൂപ മുടക്കി മാസങ്ങളെടുത്ത് പണിത കലുങ്കും റോഡും ഒറ്റ വേനല്‍മഴക്ക് തകര്‍ന്നു.

മടക്കാട്-ചപ്പാരപ്പടവ് റോഡില്‍ നവീകരിച്ച റോഡും കലുങ്കുമാണ് തകര്‍ന്നുവീണത്. ഉദ്ഘാടന മാമാങ്കം കഴിഞ്ഞ് ഒരുമാസം

പൂര്‍ത്തിയാവുന്നതിന് മുമ്പാണ് പാര്‍ശ്വഭിത്തി തകരുകയും കലുങ്കിനോടനുബന്ധിച്ച് വിള്ളലുണ്ടായി റോഡും തകര്‍ന്നത്.

മടക്കാട്-ചരപ്പാരപ്പടവ് റോഡ് മാസങ്ങളോളം അടച്ചിട്ട് ജനങ്ങളെ ബുദ്ധിമുട്ടിച്ചാണ് റോഡും കലുങ്കും നിര്‍മ്മിച്ചത്.

കലുങ്കിന്റെ പാര്‍ശ്വഭിത്തി വളരെ അശാസ്ത്രീയമായിട്ടാണ് കരിങ്കല്ലുപയോഗിച്ച് നിര്‍മ്മിച്ചതെന്ന് നിര്‍മ്മാണസമയത്ത് തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു.

പാര്‍ശ്വഭിത്തി തകര്‍ന്ന് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടിരിക്കയാണിപ്പോള്‍.

അമ്മംകുളം മുതല്‍ മടക്കാട് വഴി മഴവെള്ളം ഒഴുകിയെത്തുന്ന ഇവിടെ ഓവുചാല്‍ നിര്‍മ്മിക്കാതെയാണ് കലുങ്കിനോടനുബന്ധിച്ച് റോഡ് നിര്‍മ്മിച്ച് ടാര്‍ ചെയ്തത്.

മഴപെയ്തതോടെ ടാര്‍റോഡിന്റെ അരിക് പൊട്ടിപ്പൊളിഞ്ഞുകൊണ്ടിരിക്കുകയാണ്.

മാസങ്ങളോളം വഴി തടഞ്ഞ് പൂര്‍ത്തിയാക്കിയ റോഡ് ഒറ്റമഴയില്‍ തന്നെ തകര്‍ന്നത് നാട്ടുകാരെ ക്ഷുഭിതരാക്കിയിരിക്കയാണ്.

ഇതിനെതിരെ ശക്തമായ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച എല്‍.ഡി.എഫ് ചപ്പാരപ്പടവ് പഞ്ചായത്ത് കണ്‍വീനര്‍ പി.രവീന്ദ്രന്‍ അറിയിച്ചു.

പഞ്ചായത്ത് മെമ്പര്‍മാരായ കെ.വി.രാഘവന്‍, വി.പി.ഗോവിന്ദന്‍, ടി.പി.ശ്രീജ, പി.പി.വിനീത എന്നിവരും സ്ഥലം സന്ദര്‍ശിച്ചു.