പാലക്കാട് ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു-

പാലക്കാട്: നഗരത്തില്‍ വെട്ടേറ്റ ആര്‍.എസ്.എസ് നേതാവ് ആശുപത്രിയില്‍ മരിച്ചു.

മേലാമുറി സ്വദേശി എസ്.കെ ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്.

ശ്രീനിവാസന്റെ കടമുറിയില്‍ കയറിയാണ് അക്രമികള്‍ വെട്ടിയത്.

മൂന്ന് ബൈക്കുകളിലായെത്തിയ അഞ്ചംഗസംഘമാണ് ശ്രീനിവാസനെ വെട്ടിയതെന്ന് സാക്ഷികള്‍ പറയുന്നു.

ശ്രീനിവാസന്‍ ബി.ജെ.പി പ്രവര്‍ത്തകനും ആര്‍.എസ്.എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖുമാണ്.

വെട്ടേറ്റ ശ്രീനിവാസനെ തങ്കം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, ജീവന്‍ രക്ഷിക്കാനായില്ല.

ആക്രമണത്തിന് പിറകില്‍ എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം ആരോപിച്ചു.

പാലക്കാട് എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. പിതാവിനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ കാറിടിച്ചുവീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു.

എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ കനത്ത ജാഗ്രതക്ക് ഡി.ജി.പി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസത്തെ കൊലപാതകവുമായി ഇതിന് ബന്ധമുണ്ടോയെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.

സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന സ്ഥാപനം നടത്തുന്നയാളാണ് ശ്രീനിവാസന്‍.

അതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളാണോ ആക്രമണത്തിന് പിറകിലെന്ന് പരിശോധിക്കുകയാണെന്ന് പോലീസ് പറഞ്ഞു.