പരാതി പരിഹാര അദാലത്തില്‍ സ്വീകരിക്കുന്ന പരാതികള്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് പരിഹാരം കാണാനാവുന്നവ മാത്രമെന്ന് താലൂക്ക് വികസനസമിതി യോഗത്തില്‍ വിമര്‍ശനം.
തളിപ്പറമ്പ്: തഹസില്‍ദാര്‍മാരും വില്ലേജ് ഓഫീസര്‍മാരും മാത്രം പരിഹരിക്കേണ്ട പരാതികള്‍ക്ക് തീര്‍പ്പാക്കാന്‍ മന്ത്രിമാര്‍ താലൂക്ക്തല അദാലത്ത് നടത്തുന്നതിനെതിരെ റിട്ട.എ.ഡി.എം താലൂക്ക് വികസനസമിതി യോഗത്തില്‍ രൂക്ഷമായ വിമര്‍ശനം നടത്തി.
ഇന്ന് രാവിലെ തളിപ്പറമ്പില്‍ നടന്ന യോഗത്തിലാണ് തിരുവനന്തപുരത്തെ ഐ.എ.എസ് മേലാളന്‍മാരുടെ തലതിരിഞ്ഞ സമീപനത്തിനെതിരെ റിട്ട.കണ്ണൂര്‍ എ.ഡി.എമ്മായ പുഷ്പഗിരി ഗാന്ധിനഗറിലെ എ.സി.മാത്യു ആഞ്ഞടിച്ചത്.
28 ഇനം പരാതികള്‍ മാത്രമേ നല്‍കാന്‍ പാടുള്ളൂ എന്ന നിബന്ധനക്കെതിരെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്.
ജനങ്ങളുടെ നിരവധി ജീവല്‍പ്രധാനമായ പരാതികള്‍ നിലനില്‍ക്കവെ അതൊന്നും ഉന്നയിക്കാന്‍ അനുവാദം നല്‍കാതെ ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ പരിഹരിക്കാന്‍ കഴിയുന്ന പരാതികള്‍ രണ്ട് മന്ത്രിമരെ
പങ്കെടുപ്പിച്ച് നടത്തുന്നത് പൊതുജനങ്ങളെ വഞ്ചിക്കലാണെന്നും എല്ലാവിധത്തിലുള്ള പരാതികളും അദാലത്തില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ അദാലത്ത് തിരുവനന്തപുരത്തെ ഐ.എ.എസ്.മേലാളന്‍മാരുടെ വികലമായ മനസിന്റെ സൃഷ്ടിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
പരാതിയുടെ വികാരം ഉള്‍ക്കൊണ്ട് ഇക്കാര്യം ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവരെ അറിയിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത ആര്‍.ഡി.ഒ ഇ.പി.മേഴ്സി പറഞ്ഞു.
താലൂക്ക് തല അദാലത്തുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളില്‍ പ്രസിദ്ധീകരിച്ച പത്രവാര്‍ത്തകള്‍ ഉള്‍പ്പടെയുള്ള രേഖകളുമായിട്ടാണ് എ.സി.മാത്യു താലൂക്ക് വികസനസമിതി യോഗത്തിനെത്തിയത്. സി.പി.എം ഒറ്റപ്പാല ബ്രാഞ്ച് അംഗമാണ് എ.സി.മാത്യു.