സാജിദ ടീച്ചറും നവരംഗ് മഹിളാസമാജവും – തലോറയില്‍ പുതിയ ചരിത്രം-
പരിയാരം: ലക്ഷങ്ങള്‍ വിലമതിക്കുന്ന അഞ്ച് സെന്റ് സ്ഥലം സൗജന്യമായി അംഗന്‍വാടിക്ക് വിട്ടുനല്‍കി നവരംഗ് മഹിളാസമാജം പ്രവര്‍ത്തകര്‍.
സര്‍ക്കാര്‍ സംവിധാനത്തില്‍ സ്വന്തം കെട്ടിടമില്ലാതെ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവന്ന അംഗന്‍വാടിക്ക് ഇനി പുതിയ കെട്ടിടത്തിനുള്ള സ്ഥലം സ്വന്തം.
പരിയാരം ഗ്രാമപഞ്ചായത്തിലെ തലോറ വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന പുഷ്പഗിരിയിലെ 103-ാം നമ്പര്‍ അംഗന്‍വാടിക്കാണ് കെട്ടിടം നിര്‍മ്മിക്കുന്നതിന് ആവശ്യമായ 5 സെന്റ് സ്ഥലം നവരംഗ് മഹിളാസമാജം പ്രവര്‍ത്തകര്‍ സൗജന്യമായി കൈമാറിയത്.
ഇവരുടെ പേരില്‍ ഉണ്ടായിരുന്ന ഭൂമിയിലെ നമ്പര്‍ അനുവദിച്ചു കിട്ടാത്ത കെട്ടിടത്തിലാണ് അംഗന്‍വാടി പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞദിവസം പരിയാരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പേരില്‍ സ്ഥലം പ്രവര്‍ത്തകര്‍ രജിസ്റ്റര്‍ ചെയ്തതിന്റെ രേഖ ഗ്രാമപഞ്ചായത്ത് അംഗം സാജിത ടീച്ചര്‍ക്ക് കൈമാറുകയായിരുന്നു.
മഹിളാ സമാജം പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു.
മുംതാസ് ബഷീര്‍, ലൂസി റെമി, ഹഫ്‌സത്. സുബൈദ, അന്നമ്മ എന്നിവരുടെ നേതൃത്വത്തിലാണ് മഹിളാസമാജം പ്രവര്‍ത്തകര്‍ സ്ഥലം രജിസ്റ്റര്‍ ചെയ്ത രേഖ വാര്‍ഡ് അംഗം പി.സാജിദ ടീച്ചര്‍ക്ക് കൈമാറിയത്.
സി.പി.എം ശക്തികേന്ദ്രമായ പരിയാരം ഗ്രാമപഞ്ചായത്ത് തലോറ അവാര്‍ഡ് അതിശക്തമായ പോരാട്ടത്തിലുടെയാണ് ഇടതുപക്ഷത്തിന്റെ കുത്തക അവസാനിപ്പിച്ച് പി.സാജിദ ടീച്ചര്‍ വിജയ്‌ക്കൊടി പാറിച്ചത്.
കണ്ണൂര്‍ ജില്ലാ വനിതാ ലീഗിന്റെ ജനറല്‍ സെക്രട്ടറി കൂടിയായ സാജിത ടീച്ചര്‍ തന്റെ പ്രവര്‍ത്തന പാതയില്‍ എല്ലാ കാലത്തും പുതിയ ആശയങ്ങള്‍ നടപ്പില്‍ വരുത്താനും അതിലൂടെ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുന്നപ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാനും ശ്രമിക്കാറുണ്ട്.
നേരത്തെ കോരന്‍പീടിക വാര്‍ഡില്‍ മത്സരിച്ചപ്പോള്‍ ഒട്ടേറെ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി ശ്രദ്ധ പിടിച്ചുപറ്റിയ മെമ്പറായിരുന്നു ഇവര്‍.
.അക്കാലയളവില്‍ വാര്‍ഡിലെ വളരെ പഴക്കം ചെന്ന ഒരു അംഗന്‍വാടി കെട്ടിടവുമായി ബന്ധപ്പെട്ട് വലിയ ഇടപെടലുകള്‍ നടത്തുകയും മുസ്ലിം ജമാഅത്ത് കമ്മിറ്റിയുമായി ബന്ധപ്പെട്ട് സ്ഥലം
ഉള്‍പ്പെടെ സൗജന്യമായി സംഘടിപ്പിച്ച് പുതിയ കെട്ടിട നിര്‍മ്മാണം നടത്തുന്നതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ അതേ രൂപത്തില്‍ തന്നെ വര്‍ഷങ്ങളുടെ പഴക്കമുണ്ടായിരുന്ന തലോറവാര്‍ഡിലെ പുഷ്പഗിരി പ്രദേശത്തെ ഒരു അംഗന്‍വാടി കെട്ടിടത്തിന്റെശോചനീയാവസ്ഥമനസ്സിലാക്കി പ്രശ്‌നത്തില്‍ ഇടപെട്ടപ്പോള്‍ അതിനും പരിഹാരമായിരിക്കുന്നു.
ലക്ഷങ്ങള്‍ വില വരുന്ന അഞ്ചുസെന്റ് ഭൂമി സൗജന്യമായി നല്‍കാന്‍ ഒരുപറ്റം സ്ത്രീകള്‍ സന്മനസ്സ് കാണിച്ചപ്പോള്‍ ഒരു വലിയ ചരിത്രംവീണ്ടും രചിക്കപ്പെടുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്ഥലമായിട്ടും നാടിന്റെ വികസനത്തിനും കുട്ടികളുടെ പഠനത്തിനും സര്‍ക്കാറിലേക്ക് വിട്ടുകിട്ടാന്‍ ശ്രമങ്ങള്‍ നടത്തിയ സാജിദ ടീച്ചറെ നാട്ടുകാര്‍ അഭിനന്ദിച്ചു.