അഴിമുഖത്ത് ബോട്ടില്‍ നിന്നും വെള്ളത്തില്‍ ചാടിയ വയോധികനെ ജലഗതാഗതവകുപ്പ് ജീവനക്കാര്‍ രക്ഷപ്പെടുത്തി

തളിപ്പറമ്പ്: ഓടിക്കൊണ്ടിരിക്കുന്ന ബോട്ടില്‍ നിന്നും അഴിമുഖത്തേക്ക് എടുത്തുചാടിയ വയോധികനെ ബോട്ട് ജീവനക്കാരുടെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി.

സംസ്ഥാന ജലഗതാഗത വകുപ്പിന്റെ മാട്ടൂല്‍-അഴീക്കല്‍ ഫെറി സര്‍വീസ് നടത്തുന്ന എസ്-48-ാം നമ്പര്‍ ബോട്ടില്‍ നിന്നുമാണ് ഇന്നലെ ഉച്ചയോടെ മാട്ടൂല്‍ സ്വദേശി ഹംസ(75)എന്നയാള്‍ വളപട്ടണം പുഴയുടെ അഴുമുഖത്തേക്ക് ചാടിയത്.

കടലും പുഴയുമായി ചേരുന്ന ഈ ഭാഗത്ത് കനത്ത കുത്തൊഴുക്കാണുള്ളത്.

ബോട്ട് ജീവനക്കാര്‍ രക്ഷപ്പെടുത്തി. വളപട്ടണം പുഴ അറബിക്കടലിനോട് ചേരുന്ന ശക്തമായ അടിയൊഴുക്കുള്ള അഴിമുഖം കടന്നാണ് ഈ ബോട്ട് സര്‍വീസ് നടത്തുന്നത്.

ബോട്ടിലുണ്ടായിരുന്ന ജീവനക്കാര്‍ ഉടന്‍തന്നെ ജീവന്‍രക്ഷാ ഉപകരണങ്ങളുമായി പുഴയിലേക്ക് ചാടിയാണ് ഹംസയെ രക്ഷപ്പെടുത്തിയത്.

അഞ്ച് വര്‍ഷം മുമ്പ് വരെ സ്വകാര്യ ബോട്ട് ആണ് ഫെറി സര്‍വീസ് നടത്തിയിരുന്നത്.

തുടര്‍ച്ചയായി പല അപകടങ്ങളും, സുരക്ഷാ വീഴ്ചയും ഉണ്ടായതിനെ തുടര്‍ന്ന് പൊതുജനങ്ങളുടെയും തദ്ദേശവാസികളുടേയും വിനോദസഞ്ചാരികളുടേയും ആവശ്യപ്രകാരം കേരള സര്‍ക്കാര്‍ ഫെറിസര്‍വീസ് എറ്റെടുത്ത്, സംസ്ഥാന ജലഗതാഗത വകുപ്പിനെ സര്‍വീസ് നടത്താന്‍ ചുമതലപ്പെടുത്തുകയായിരുന്നു.

ബോട്ടില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരായ കെ.ആര്‍.രതീഷ, എച്ച്.ശ്രീജിത്ത്, എസ്.അനില്‍കുമാര്‍, വി.ഇ.നിയാസ്, ടി.വി.രമേശന്‍ എന്നിവരോടൊപ്പം അഴീക്കല്‍ വി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥി ഷമ്മാസ് മടക്കരയും രക്ഷപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്തു.